വീട്ടിലെ കട്ടിലിലെ വെന്റിലേറ്ററില്‍ പിതാവ്; മകന്റെ വിയോഗം അറിയിക്കാന്‍ കഴിയാതെ നീറി അമ്മയും, ദുഃഖം ഉള്ളിലൊതുക്കി കുമാരി! നോവ് കാഴ്ച

Pradeep | Bignewslive

വീട്ടിലെ കട്ടിലിലെ വെന്റിലേറ്ററില്‍ കിടക്കുന്ന പ്രദീപിന്റെ അച്ഛനോട് പ്രിയപ്പെട്ട മകന്റെ വിയോഗം പറയാനാകാതെ ഉള്ളുനീറി നില്‍ക്കുന്ന അമ്മ കുമാരി ഇന്ന് നോവ് കാഴ്ചയാവുകയാണ്. സൈനികമേധാവി ബിപിന്‍ റാവത്തിനൊപ്പം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ പ്രദീപിന്റെ അമ്മയുടെ നിസഹായാവസ്ഥ വീട്ടിലേയ്ക്ക് എത്തുന്നവരുടെയും കണ്ണുകളെ ഈറനണിയിക്കുന്നു.

ശ്വാസകോശ സംബന്ധമായ അസുഖം മൂലം കിടപ്പിലായ അച്ഛന്‍ രാധാകൃഷ്ണനോട് മകന്റെ മരണം പറയേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അമ്മ കുമാരി. വീടിന്റെ സ്വീകരണമുറിയില്‍ തന്നെ രാധാകൃഷ്ണനെ കിടത്തിയിരിക്കുന്ന കട്ടിലിന്റെ എതിര്‍ഭാഗത്തുള്ള സെറ്റിയില്‍ ദുഃഖം മുഴുവന്‍ തനിയെ കടിച്ചമര്‍ത്തിയിരിക്കുകയായിരുന്നു കുമാരി. മറ്റൊരു മകന്‍ പ്രസാദ് കോയമ്പത്തൂരിലേക്ക് അപകടസൂചന കിട്ടിയപ്പോള്‍ത്തന്നെ പോയിരുന്നു.

കടുത്ത ഗുരുവായൂര്‍ ഭക്തന്‍; കുടുംബസമേതം ഏപ്രിലില്‍ കണ്ണനെ തൊഴാനെത്തി, ആനകള്‍ക്ക് ഭക്ഷണം നല്‍കിയും പോലീസുകാര്‍ക്ക് മധുരപലഹാരങ്ങള്‍ സമ്മാനിച്ചും ബിപിന്‍ റാവത്തിന്റെ മടക്കം

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നവിവരം അറിഞ്ഞപ്പോള്‍ത്തന്നെ, ഊട്ടിയിലേക്കുള്ള യാത്രയെക്കുറിച്ചു തലേദിവസം മകന്‍ പറഞ്ഞത് കുമാരിക്ക് ഓര്‍മ വന്നു. തന്നെ കാണാനെത്തിയവരോട് അക്കാര്യം പലതവണ പറയുകയും ചെയ്തു. സംഭവം അറിഞ്ഞതോടെ പൊന്നൂക്കരയില്‍ പ്രദീപിന്റെ സുഹൃത്തുക്കളും നാട്ടുകാരും വീട്ടിലേക്ക് ഓടിയെത്തി.

കേട്ടറിഞ്ഞ കാര്യം സ്ഥിരീകരിക്കാന്‍ നാട്ടുകാരും ബന്ധുക്കളും പോലീസ് സ്റ്റേഷനിലേക്കും ജില്ലാ ഭരണകൂടത്തിലുമൊക്കെ ബന്ധപ്പെട്ടു. പിന്നീടാണ് സ്ഥിരീകരണമുണ്ടായത്. മകന്റെ വിയോഗമറിയാതെ കിടന്ന കിടപ്പില്‍ കിടക്കുകയാണ് പിതാവും.

Exit mobile version