ഇനി ഞാനുണ്ട് അവള്‍ക്ക് എല്ലാമായി! ‘ജോലി പോയാലും വേണ്ടില്ല, വിദ്യയെ വിവാഹം കഴിച്ചിട്ടേ മടങ്ങൂ’: വിദ്യയെ ചേര്‍ത്ത്പിടിച്ച് നിധിന്‍

തൃശ്ശൂര്‍: ‘ജോലി പോയാലും വേണ്ടില്ല. വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ. ഇനി ഞാനുണ്ട് അവള്‍ക്ക് എല്ലാമായി”-വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയില്‍ ജീവിതം അവസാനിപ്പിച്ച വിപിനിന്റെ വീട്ടിലെത്തിയ പ്രതിശ്രുത വരന്‍ നിധിനിന്റെ ഹൃദയത്തില്‍ തൊടുന്ന വാക്കുകളാണിത്.

സഹോദരിയുടെ വിവാഹം അത്യാവശ്യം നാട്ടുനടപ്പുകള്‍ പാലിച്ച് നടത്തണമെന്ന് വിപിനിന്റെ ആഗ്രഹമായിരുന്നു. സഹോദരി തന്റെ പങ്കാളിയെ കണ്ടെത്തിയതോടെ വിപിന്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. പ്രതിസന്ധികളിലും നാട്ടുനടപ്പ് അനുസരിച്ച് വിവാഹം നടത്തണമെന്ന് വിപിന്റെ ആഗ്രഹമായിരുന്നു. അവസാന നിമിഷം ഉറപ്പിച്ചിരുന്ന ബാങ്ക് ലോണ്‍ ലഭിക്കാതിരുന്നതോടെ വിപിന്‍ ജീവനൊടുക്കുകയായിരുന്നു.

രണ്ടരവര്‍ഷമായി നിധിനും വിപിനിന്റെ സഹോദരി വിദ്യയും പ്രണയത്തിലാണ്. ഇരുവീട്ടുകാരും വിവാഹം പറഞ്ഞുറപ്പിച്ചു. ഷാര്‍ജയില്‍ എസി മെക്കാനിക്കായ നിധിന് കോവിഡ് കാരണം നാട്ടിലേക്കുള്ള മടക്കം വൈകി. അതിനാലാണ് വിവാഹം വൈകിയത്. രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.

ഞായറാഴ്ച വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സ്വത്തും പണവും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ബാങ്കില്‍ നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ മറുപടി.

അച്ഛനില്ലാത്ത സഹോദരി വിദ്യയെ കുറവുകളൊന്നും അറിയിക്കാതെയാണ് അമ്മയും വിപിനും വളര്‍ത്തിയത്. സഹോദരിയുടെ ഇഷ്ടത്തിന് മറുവാക്ക് പോലും വിപിന്‍ പറഞ്ഞിരുന്നില്ല. സ്വത്തും പണവുമൊന്നും തനിക്കാവശ്യമില്ലെന്നും വിവാഹത്തിന് വലിയ ചിലവൊന്നും വേണ്ടതില്ലെന്നും നിധിന്‍ വിപിനെ അറിയിച്ചിരുന്നു. എന്നാല്‍ ബാങ്കില്‍ ലോണ്‍ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ നിലപാട്.

തിങ്കളാഴ്ച ഫോട്ടോയെടുക്കാനായി വരാന്‍ നിധിനോട് വിപിന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തു. അതിനുശേഷം വിദ്യയെ ജൂവലറിയില്‍ എത്തിക്കാന്‍ പറഞ്ഞു. ജൂവലറിയില്‍ എത്തിച്ച് കയ്പമംഗലത്തെ വീട്ടിലേക്കുപോയ നിധിനെത്തേടി വിദ്യയുടെയും അമ്മ ബേബിയുടെയും വിളിയെത്തി.

ബാങ്കില്‍നിന്ന് പണംവാങ്ങി വരാമെന്ന് പറഞ്ഞുപോയ വിപിന്‍ മടങ്ങി വന്നില്ലെന്നും ഫോണ്‍ എടുക്കുന്നില്ലെന്നുമാണ് അറിയിച്ചത്. വിപിന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. നേരെ തൃശ്ശൂര്‍ നഗരത്തിലെ കുണ്ടുവാറയിലെ വീട്ടിലെത്തിയപ്പോഴേക്കും ആത്മഹത്യ ചെയ്തെന്ന വിവരമാണ് കിട്ടിയത്. വിപിന്‍ കൂടി പോയതോടെ തകര്‍ന്ന കുടുംബത്തെ ചേര്‍ത്ത് പിടിക്കാനാണ് നിധിന്റെ തീരുമാനം.

ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചെത്തണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്തായാലും 41 ചടങ്ങ് കഴിഞ്ഞ് വിവാഹം കഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോള്‍ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവള്‍ക്ക് എല്ലാമായി”- നിധിന്‍ പറയുന്നു.

Exit mobile version