‘ജനിച്ചത് ഒരുമിച്ച്, ആദ്യത്തെ കണ്‍മണികളെ വരവേറ്റതും ഒരുമിച്ച്’; അപൂര്‍വ്വതകള്‍ സ്വന്തമാക്കിയ ഇരട്ട സഹോദരിമാര്‍

ജനിച്ചത് ഒരുമിച്ച്, പഠനവും വിവാഹവും ഒന്നിച്ച്, ഇപ്പോള്‍ അമ്മമാരായതും ഒരു ദിവസം തന്നെ. ഇരട്ടകളായി ജനിച്ചതുമുതല്‍ ആദ്യത്തെ കണ്‍മണികളെ ഒന്നിച്ച് വരവേറ്റ അപൂര്‍വ്വതയുമായി ശ്രദ്ധാകേന്ദ്രമാവുകയാണ് കോട്ടയത്തെ ഇരട്ടസഹോദരിമാരായ
ശ്രീപ്രിയയും ശ്രീലക്ഷ്മിയും.

കോട്ടയം തലയോലപ്പറമ്പ് സ്വദേശികളാണ് ശ്രീപ്രിയയും ശ്രീ ലക്ഷ്മിയും.
1995 ഒക്ടോബര്‍ 11നാണ് ചന്ദ്രശേഖരന്‍നായരുടേയും അംബിക ദേവികയുടേയും ഇരട്ട കണ്‍മണികളായി അവര്‍ ഭൂമിയിലേക്കെത്തിയത്. ജീവിതത്തിലെ അപൂര്‍വ്വ സാമ്യതകള്‍ ഗൈനക്കോളജിസ്റ്റ് ഡോ. റെജിയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഒരുമിച്ച് ജനിച്ചവരുടെ കുഞ്ഞുങ്ങളും ഒരുമിച്ചെത്തിയ സന്തോഷവും അപൂര്‍വ്വതയുമാണ് ഡോക്ടര്‍ പങ്കുവച്ചത്.

കുഞ്ഞുനാളുതൊട്ടേ എല്ലാ കാര്യത്തിലും ഒരുമിച്ചായിരുന്നു. ഇഷ്ടങ്ങള്‍, താത്പര്യങ്ങള്‍, അഭിരുചികള്‍. അഭിപ്രായങ്ങള്‍ എല്ലാം ഒരുമിച്ച്. അണിയുന്ന വസ്ത്രങ്ങളില്‍ തുടങ്ങി ശരീര ഭാഷ പോലും ഒന്നിച്ചായിരുന്നു എന്ന് പലപ്പോഴും പലരും പറയാറുണ്ട്. ഞങ്ങളെ അടുത്തറിയാത്തവര്‍ക്ക് പലപ്പോഴും ഞങ്ങളെ മാറിപ്പോകും-ശ്രീലക്ഷ്മി പറയുന്നു.

അച്ഛന് പട്ടാളത്തിലായിരുന്നു ജോലി. മരിച്ചിട്ട് 5 കൊല്ലമാകുന്നു. അമ്മ ടീച്ചറാണ്. അമ്മ ജോലി ചെയ്തിരുന്ന മലപ്പുറത്തായിരുന്നു ഞങ്ങളുടെ സ്‌കൂളിലും ഒരുമിച്ചായിരുന്നു.
ബികോമിനും ഒരുമിച്ച് ചേര്‍ന്നു. പിന്നാലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്‌സിനും.

വിവാഹമായപ്പോള്‍ ചെറിയ വിഷമം ഉണ്ടായിരുന്നു. അതുവരെ ഒന്നായി നടന്ന ഞങ്ങള്‍ രണ്ട് വീട്ടിലേക്ക് പോകുവാണല്ലോ. അങ്ങനെ 2020 ഡിസംബര്‍ 11 ഒരു വേദിയിലെ ഇരുമണ്ഡപങ്ങളില്‍ വച്ച് ഒരേ മൂഹൂര്‍ത്തത്തിലായിരുന്നു വിവാഹം. കൊല്ലം സ്വദേശിയായ വിനൂപ് പി പിള്ളയാണ് ശ്രീപ്രിയയുടെ ഭര്‍ത്താവ്. കോയമ്പത്തൂരിലെ പാര്‍ലെജി കമ്പനിയില്‍ മാനേജറായി ജോലി ചെയ്തു വരികയാണ്. ശ്രീലക്ഷ്മിയെ വിവാഹം ചെയ്തത് തിരുവന്തപുരം സ്വദേശിയായ ആകാശ് നാഥ്. ആകാശ് തിരുവനന്തപുരത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയാണ്.

അന്ന് രണ്ട് വീടിന്റെ മരുകളായി ഞങ്ങള്‍ ചെല്ലുമ്പോള്‍ തിരുവനന്തപുരവും കൊല്ലവും അധികം അകലെയെല്ലല്ലോ എന്നതായിരുന്നു ഞങ്ങളുടെ ആശ്വാസം. രണ്ടിടങ്ങളില്‍ ആയിരുന്നപ്പോഴും അകലെയല്ല എന്ന് ഞങ്ങള്‍ തോന്നിപ്പിച്ചു കൊണ്ടേയിരുന്നു. കോളുകളായും മെസേജുകളായും അങ്ങനെ….

ഒരാഴ്ചയുടെ മാത്രം വ്യത്യാസത്തില്‍ പ്രെഗ്‌നെന്‍സി ടെസ്റ്റ് കിറ്റില്‍ പോസിറ്റീവ് വര തെളിഞ്ഞതായിരുന്നു അടുത്ത ട്വിസ്റ്റ്. ശരിക്കും ത്രില്ലടിച്ചു പോയി. അന്നു തൊട്ടുള്ള പ്രസവ ശ്രുശ്രൂഷകളും തുടര്‍ ചികിത്സകളും എല്ലാം ഒരുമിച്ച് ഒരു ഡോക്ടറുടെ കീഴില്‍.

ഉള്ളില്‍ മിടിച്ച കുഞ്ഞു ജീവന്‍ ഈ ഭൂമിയിലെത്താനിരുന്ന ദിനം. ദൈവത്തിന്റെ കലണ്ടറില്‍ അവിടെയും ഒരൊറ്റ ദിവസം ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കുമായി മാറ്റിവച്ചു. ഇക്കഴിഞ്ഞ നവംബര്‍ 29ന് കോട്ടയം കാരിത്താസ് ആശുപത്രിയുടെ ലേബര്‍ റൂമിന്റെ ഇടനാഴിയില്‍ ഒരുമിച്ച് ഒരേ സമയം ഞങ്ങളുടെ രാജകുമാരിമാര്‍ ഭൂമിയിലേക്കെത്തി.

‘ഇങ്ങനെ കറക്റ്റ് ആയി എങ്ങനെ ഒപ്പിച്ചെടുത്തു.’ ഞങ്ങളുടെ കുഞ്ഞാവകളുടെ വരവറിഞ്ഞ പലരും ആദ്യം ചോദിക്കുന്നത് ഇതാണ്. എങ്ങനെ ഈ വിധം കൃത്യമായി എന്ന് ഞങ്ങള്‍ക്കും അറിയില്ല. ചിലപ്പോള്‍ എന്റെയും ശ്രീലക്ഷ്മിയുടേയും മനസുകളുടെ ഇഴയടുപ്പമായിരിക്കാം. ഞങ്ങള്‍ വളര്‍ന്നതു പോലെ ഞങ്ങളുടെ കണ്‍മണികളും വളരട്ടെ.’ ശ്രീപ്രിയ പറയുന്നു.

Exit mobile version