ശബരിമലയില്‍ യുവതികളെ തടഞ്ഞ സംഭവം; കണ്ടാലറിയുന്ന 150 പേര്‍ക്കെതിരെ കേസ്

ബിന്ദു, മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ എന്നീ യുവതികളെ തടഞ്ഞ് പ്രതിഷേധിച്ച 150 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പത്തനംതിട്ട: ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു, മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ എന്നീ യുവതികളെ തടഞ്ഞ് പ്രതിഷേധിച്ച 150 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ്. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയും നടപ്പന്തലില്‍ പ്രതിഷേധിച്ച 50 പേര്‍ക്കെതിരെയുമാണ് കേസ്.

ഇന്നു രാവിലെയാണ് യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത്. പമ്പയില്‍ ഇവര്‍ക്കെതിരെ യാതൊരു പ്രതിഷേധവുമുണ്ടായിരുന്നില്ല. മരക്കൂട്ടത്തും അപ്പാച്ചിമേട്ടിലും വെച്ചാണ് പ്രതിഷേധം തുടങ്ങിയത്.

തുടര്‍ന്ന് പൊലീസ് സുരക്ഷയില്‍ ഇവര്‍ മുന്നോട്ടുനീങ്ങിയെങ്കിലും ചന്ദ്രാനന്ദന്‍ റോഡില്‍ വെച്ച് പ്രതിഷേധവുമായി ചിലര്‍ രംഗത്തുവരികയായിരുന്നു. അതേസമയം തന്നെ നടപ്പന്തലിലും സന്നിധാനത്തും ചിലര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതോടെ യുവതികളെ പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നു. പോലീസ് വാഹനത്തില്‍ പമ്പയില്‍ എത്തിച്ച് പിന്നീട് കോട്ടയത്തേക്ക് കൊണ്ടുപോകുകയാണുണ്ടായത്.

Exit mobile version