ബിജെപി വിട്ട് സിപിഎമ്മിലെത്തിയ കുടുംബത്തിന് വിലക്കും ഭീഷണിയും: ശബരിമലയില്‍ പോകാന്‍ കെട്ടുനിറയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ക്ഷേത്ര കമ്മറ്റി

കോഴിക്കോട്: ബിജെപി വിട്ട് സിപിഎമ്മിലെത്തിയ കുടുംബത്തിന് ക്ഷേത്ര കമ്മറ്റിയുടെ വിലക്ക്. കോഴിക്കോട് വെള്ളയില്‍ തൊടിയില്‍ കാവ്യസ്മിതം വീട്ടില്‍ ഷിന്‍ജുവിനും കുടുംബത്തിനുമാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ക്ഷേത്ര കമ്മറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

അടുത്ത ദിവസം ശബരിമലയില്‍ പോകാന്‍ വേണ്ടി തയ്യാറെടുത്ത് നില്‍ക്കുന്ന ഷിന്‍ജുവിനെ ആര്‍എസ്എസ് നിയന്ത്രിക്കുന്ന അരയ സമാജത്തിനു കീഴിലെ തൊടിയില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കെട്ടുനിറയ്ക്കുന്നത് വിലക്കിയിരിക്കുകയാണ്. ക്ഷേത്ര കമ്മറ്റിയുടെ വിലക്കിന് പുറമെ ഷിന്‍ജുവിനും കുടുംബത്തിനും പ്രദേശത്തെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

തൊടിയില്‍ ബീച്ചില്‍ ഷിന്‍ജുവിന്റെ ബങ്കിനു സമീപം ഷഡ് കെട്ടി കച്ചവടം മുടക്കാനും ശ്രമമുണ്ട്. കട തുറക്കാന്‍ പോയ ജ്യേഷ്ഠന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ച് അസഭ്യം പറയുകയുണ്ടായി. ആര്‍എസ്എസ് മുന്‍ ശാഖാ മുഖ്യശിക്ഷക് നിമോഷ് വീട്ടിലെത്തി സ്ത്രീകളെ കൈയേറ്റം ചെയ്യുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി ഷിന്‍ജു പറഞ്ഞു. ഇതിനെതിരെ വെള്ളയില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും ഇവര്‍ പറഞ്ഞു.

ആര്‍എസ്എസുകാര്‍ കൂടുതലുള്ള മേഖലയില്‍ നിന്ന് ഈ കുടുംബം സിപിഎമ്മിലേക്ക് വന്നതും മത്സ്യത്തൊഴിലാളി യൂണിയനി(സിഐടിയു) ലേക്ക് നിരവധി പേര്‍ ചേര്‍ന്നതുമാണ് ശത്രുതയ്ക്കു കാരണമെന്ന് ഷിന്‍ജു പറയുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം ശബരിമലക്ക് പോകേണ്ടതിനാല്‍ ഞായറാഴ്ച മറ്റൊരു ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറയ്ക്കാനുള്ള ആലോചനയിലാണ് ഷിന്‍ജു.

Exit mobile version