മടപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പഠിയ്ക്കാം: സര്‍ക്കാര്‍ അനുമതിയായി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച ശുപാര്‍ശ അംഗീകരിച്ചതായി മന്ത്രി അറിയിച്ചു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകള്‍ വേണോ എന്ന ചര്‍ച്ച സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ് ഗേള്‍സ് ഓണ്‍ലി സ്‌കൂളിനെ മിക്സ്ഡ് സ്‌കൂള്‍ ആക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ലിംഗനീതിയും ലിംഗസമത്വവും ലിംഗാവബോധവും സംബന്ധിച്ചുള്ള പുരോഗമനപരമായ മുന്നേറ്റത്തിന്റെ മറ്റൊരു ചുവടുവെപ്പാണ് ഈ തീരുമാനമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

1920ല്‍ സ്ഥാപിതമായ മടപ്പള്ളി ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ കാരണം മടപ്പള്ളി ഗവണ്‍മെന്റ് ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്സ്, ഗവണ്‍മെന്റ് ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു.

പിന്നീട് ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്സ് ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആയി മാറി. ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആയി മാറുകയും ചെയ്തു. ഈ സ്‌കൂളില്‍ ആണ് ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നത്. പി ടി എയും അധ്യാപകരും പിന്തുണച്ചതോടെയാണ് ഈ തീരുമാനം മന്ത്രിതലത്തില്‍ എത്തിയത്.

Exit mobile version