അഴിമതിയാരോപണം സത്യവിരുദ്ധം : ചണച്ചാക്കുകള്‍ വാങ്ങിയത് സുതാര്യമായിത്തന്നെയെന്ന് സപ്ലൈകോ

തിരുവനന്തപുരം : അരി നിറയ്ക്കാനുള്ള ചണച്ചാക്കുകള്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന ആരോപണം സത്യവിരുദ്ധവും വസ്തുതകള്‍ക്ക് നിരക്കാത്തതുമെന്ന് സപ്ലൈകോ. ചണച്ചാക്കുകള്‍ വാങ്ങിയത് സുതാര്യമായിത്തന്നെയാണെന്ന് സി.എം.ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.

ചാക്കുകളുടെ ഗുണനിലവാരം സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ സമര്‍പ്പിക്കുന്നതിന് മില്ലുടമകള്‍ക്ക് അവസരം നല്‍കിയിരുന്നെങ്കിലും നാളിതുവരെ അത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും തികച്ചും വസ്തുതാ വിരുദ്ധമാണ് ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

“അരി നിറയ്ക്കുന്നതിന് ചണച്ചാക്കുകള്‍ സപ്ലൈകോ നേരിട്ട് വാങ്ങി നല്‍കണമെന്ന് 2021 ഓഗസ്റ്റ് 27ന് റൈസ് മില്‍ ഓണേഴ്‌സ് അസ്സോസിയേഷന്‍ പ്രതിനിധികളുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചിരുന്നു. അപ്രകാരം ചാക്ക് വാങ്ങുന്നതിന്റെ വിവിധ വശങ്ങള്‍ ആരായുകയും ഇ-ഓക്ഷന്‍ വഴി ചാക്ക് വാങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇ-ഓക്ഷന്‍ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍.സി.ഡി.ഇ.എക്‌സ് എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയത്. ഇ-ഓക്ഷന്‍ നടത്തുന്ന വിവരം പത്രമാധ്യമം വഴി പൊതു ജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.”

“ഇ-ഓക്ഷന്‍ നിബന്ധനകളില്‍ ചാക്കിന്റെ ഗുണനിലവാരം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ചാക്കുകള്‍ വാങ്ങുന്നതിനായി രണ്ട് തവണകളായി ഇ-ഓക്ഷന്‍ നടത്തിയിട്ടുണ്ട്. മില്ലുകള്‍ക്ക് ലഭിച്ചിരുന്നതിലും കുറഞ്ഞനിരക്കിലാണ് ചാക്കുകള്‍ വാങ്ങി നല്‍കിയത്.”

“സപ്ലൈകോ ചാക്കുകള്‍ വാങ്ങി നല്‍കുന്നുണ്ടെങ്കിലും ഇതിന്റെ വില മില്ലുടമകളില്‍ നിന്ന് ഈടാക്കുന്നുണ്ട്. ചാക്കുകളുടെ എണ്ണം ഗുണനിലവാരം തുടങ്ങിയവ മില്ലുടമകളും സപ്ലൈകോ ഉദ്യോഗസ്ഥരും പരിശോധിച്ചുറപ്പുവരുത്തിയിട്ടുമുണ്ട്. ഇപ്രകാരം തികച്ചും സുതാര്യമായ രീതിയിലാണ് ചാക്കുകള്‍ വാങ്ങിയിട്ടുള്ളത്. അതിനാല്‍ തന്നെ അഴിമതിയാരോപണം തികച്ചും സത്യവിരുദ്ധവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്.” അദ്ദേഹം അറിയിച്ചു.

Exit mobile version