ഒരു മാസം, 27 ലക്ഷം രൂപ വരുമാനം; ജനപ്രിയമായി പീപ്പിള്‍ റസ്റ്റ് ഹൗസ്, വിജയം കണ്ട് മന്ത്രി റിയാസിന്റെ ചുവടുകള്‍

Minister Muhammed Riyas | Bignewslive

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട് ഇന്നേയ്ക്ക് ഒരു മാസം തികയുകയാണ്. ഈ ഒരു മാസത്തിനിടെ ലഭിച്ച വരുമാനം 27 ലക്ഷം രൂപയാണ്. നേട്ടം മന്ത്രി റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച നവംമ്പര്‍ 1 മുതല്‍ 30 വരെ 4604 ബുക്കിംഗ് ആണ് ഇതുവരെ നടന്നത്. ഇതിലൂടെ 27,84,213 രൂപ വരുമാനമാണ് ലഭ്യമായതെന്ന് അദ്ദേഹം അറിയിച്ചു.

നവംബര്‍ ഒന്നാം തീയ്യതി മുതലാണ് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഷ്‌കാരത്തിലാണ് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെന്നതിനെ പൊളിച്ച് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. സോഷ്യല്‍മീഡിയയില്‍ നിന്ന് ഉള്‍പ്പടെ ലഭ്യമായ അഭിപ്രായങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്ന സമീപനമാണ് തുടരാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമഡേഷന്‍ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികളാണ് ഉള്ളത്.

ജനങ്ങള്‍ക്കായി തുറന്നു കൊടുത്തതിനു പിന്നാലെ റസ്റ്റ് ഹൗസുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ റസ്റ്റ് ഹൗസ് നവീകരണങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. പലയിടത്തും മന്ത്രി റിയാസ് നേരിട്ടെത്തി റസ്റ്റ് ഹൗസിന്റെ ശുചിത്വവും പ്രവര്‍ത്തികളും വിലയിരുത്തിയിട്ടുണ്ച്. അലംഭാവം കാണിച്ച പല റസ്റ്റ് ഹൗസുകളിലെ ജീവനക്കാര്‍ക്കെതിരെ വകുപ്പ് കര്‍ശന നടപടിയും കൈകൊണ്ടു. ഇതിനിടെ റസ്റ്റ് ഹൗസ് സന്ദര്‍ശനത്തില്‍ മന്ത്രി റിയാസിനെതിരെ കുപ്രചരണങ്ങളും ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞു. ഇവയെല്ലാം തള്ളി മാറ്റി കൊണ്ടായിരുന്നു മന്ത്രിയുടെ ചുവടുവെയ്പ്പ്. ആ ഉറച്ച നിലപാടുകളില്‍ കണ്ട വിജയമാണ് ഇന്ന് പീപ്പിള്‍ റസ്റ്റ് ഹൗസിനെ ജനപ്രിയമാക്കിയത്.

Exit mobile version