പിറക്കാനിരിക്കുന്ന കുഞ്ഞിന് ഹൃദയത്തിന് തകരാര്‍; ‘കണ്ണേ… ധൈര്യമായി ഭൂമിയിലേയ്ക്കു വരൂ, ഇവിടെ ഞങ്ങളുണ്ട്’ അമര്‍ഷോ ബിദയുടെ ആദ്യകണ്‍മണിക്കായി കൈകോര്‍ത്ത് ഈ നാട്

unborn child | Bignewslive

കരുവാരക്കുണ്ട്: ‘കണ്ണേ.. നീ ധൈര്യമായി ഭൂമിയിലേയ്ക്ക് വരൂ, ഇവിടെ ഞങ്ങളുണ്ട്’ ഇത് പിറക്കാനാരിക്കുന്ന കുഞ്ഞിന് നാടിന്റെ കരുതലാണ്. കരുവാരക്കുണ്ടുകാര്‍ ഏഴുലക്ഷം രൂപയാണ് ഗര്‍ഭസ്ഥശിശുവിനായി സ്വരുക്കൂട്ടി നീക്കിവെച്ചിരിക്കുന്നത്.

ഭൂമിയിലേക്ക് കുട്ടി എത്തുന്നച് താളംതെറ്റിയ ഹൃദയവുമായാണെന്നറിഞ്ഞപ്പോഴാണ് നാടിന്റെ സഹായ ഹസ്തം. മലപ്പുറത്തെ മലയോരഗ്രാമമായ കരുവാരക്കുണ്ടിലെ നീലാഞ്ചേരി ചേമ്പിലാംപറ്റ റഹീസുല്‍ ജുനൈദിന്റെ ഭാര്യ അമര്‍ഷോ ബിദ എട്ടുമാസം ഗര്‍ഭിണിയാണ്. ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ആറ്റുനോറ്റു കാത്തിരിക്കുമ്പോഴാണ് കുട്ടിയുടെ ഹൃദയത്തിന് തകാര്‍ ഉണ്ടെന്ന് അറിയുന്നത്. ശുദ്ധരക്തവും അശുദ്ധരക്തവും സംക്രമിക്കുന്ന വാല്‍വുകള്‍ മാറിയാണ് പ്രവര്‍ത്തിക്കുന്നത്.

പ്രസവശേഷം കുഞ്ഞിനു ഹൃദയവാല്‍വില്‍ ശസ്ത്രകിയ നടത്തണം. എങ്കിലേ ജീവന്‍ രക്ഷിക്കാനാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ കുടുംബം അങ്കലാപ്പിലായി. കൂലിവേലചെയ്തു ജീവിക്കുന്ന കുടുംബത്തിന് ചികിത്സാ തുക എങ്ങനെ ഒപ്പിക്കുമെന്ന വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് നാട് കൂടെ നിന്നത്.

കുടുംബത്തിന് താങ്ങായി ജനകീയസമിതി സഹായത്തിനെത്തി. ഇരുവൃക്കകളും തകരാറിലായ കുണ്ടിലാംപാടം പന്തപ്പാടന്‍ ഷഫീഖിനായി ചികിത്സാസഹായസമിതി 91 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ഇതില്‍ ബാക്കിവന്ന ഏഴുലക്ഷം രൂപ ഗിവിങ് ഗ്രൂപ്പ് കേരളയെന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ ജുനൈദിന്റെ കുടുംബത്തിനു കൈമാറി. പ്രസവശേഷം ഈ പണംകൊണ്ട് കുഞ്ഞിന്റെ ചികിത്സ പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കുടുംബം. നാട് ഒന്നടങ്കം കാത്തിരിക്കുകയാണ് പൂര്‍ണ്ണ ആരോഗ്യവാനായി എത്തുന്ന കണ്‍മണിക്കായി.

Exit mobile version