വടിയെടുത്ത് സര്‍ക്കാര്‍! വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി: മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം

തിരുവനന്തപുരം: കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുമായി സര്‍ക്കാര്‍. ആരോഗ്യപ്രശ്നം ഉന്നയിച്ച് വിസമ്മതം അറിയിച്ചവര്‍ക്ക് പ്രത്യേക പരിശോധന നടത്താനാണ് നീക്കം. ഇതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നമുള്ളവരെ ഒഴിവാക്കും. മറ്റുള്ളവരെല്ലാം വാക്സിനെടുക്കണം. അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്.

സംസ്ഥാനത്തെ ഒന്നേമുക്കാല്‍ ലക്ഷം അധ്യാപകഅനധ്യാപക ജീവനക്കാരില്‍ അയ്യായിരത്തോളം പേര്‍ ഇനിയും വാക്‌സിനെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തുടര്‍നടപടികള്‍.
Read Also:ഗൂഗിളില്‍ ഫ്ളിപ്പ് കാര്‍ട്ട് നമ്പര്‍ തിരഞ്ഞു; ആലുവയിലെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് എഴുപത്തിയേഴായിരം രൂപ
സ്‌കൂള്‍ തുറക്കുംമുമ്പ് അധ്യാപകര്‍ വാക്സിനെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെ പേരിലും വിശ്വാസത്തിന്റെ പേരിലുമാണ് ഈ വിമുഖത.

വാക്‌സിന്‍ എടുക്കാത്തവരോട് വാശിയോടെയുള്ള സമീപനം സ്വീകരിച്ചിട്ടില്ല. അവരോട് സ്‌കൂളില്‍ വരരുതെന്ന് ആവശ്യപ്പെട്ടു. വാക്സിന്‍ എടുക്കാതിരിക്കുന്നതിനെ സര്‍ക്കാര്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Exit mobile version