മൊഫിയയുടെ മരണം; സിഐ സുധീറിന് സസ്‌പെൻഷൻ

ആലുവ: നിയമവിദ്യാർത്ഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ സിഐ സിഎൽ സുധീറിന് സസ്‌പെൻഷൻ. പ്രതിപക്ഷം ഉൾപ്പടെ നടത്തുന്ന പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ നിർദേശ പ്രകാരം ഡിജിപി സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സ്ത്രീധനം ചോദിച്ചും ശാരീരികമായും മാനസികമായും ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതിനെ ചൊല്ലി മൊഫിയ മരിക്കുന്നതിന് മുമ്പ് പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ ഒത്തുതീർപ്പിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച മൊഫിയയോടും പിതാവിനോടും സിഐ സുധീർ മോശമായാണ് പെരുമാറിയതെന്നും മൊഫിയയോട് ആക്രോശിച്ചെന്നും സൂചനയുണ്ട്. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ മൊഫിയ റൂമിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പിൽ സിഐയ്ക്കും ഭർത്താവ് സുഹൈലിനും ഇയാളുടെ മാതാപിതാക്കൾക്കും എതിരെ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

നേരത്തെ സിഐ സുധീറിനെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കുകയും അന്വേഷണ വിധേയമായി സ്ഥലംമാറ്റുകയും ചെയ്തയിരുന്നു. ഗാർഹിക പീഡനത്തിന് മൊഫിയ നൽകിയ പരാതി അന്വേഷിക്കുന്നതിൽ സിഐയ്ക്ക് വീഴിച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിഐ സുധീറിന് നേരെ നടപടിയുണ്ടായിരിക്കുന്നത്. നേരത്തെയും സമാനമായ വീഴ്ച വരുത്തിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സിഐ സുധീർ.

മൊഫിയാ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് റൂറൽ ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ഡിവൈഎസ്പി വി രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

Exit mobile version