അലക്ഷ്യമായി വാഹനം ഒടിച്ചു, നടുറോഡില്‍ കാര്‍ നിര്‍ത്തി നന്നായി ഡ്രൈവ് ചെയ്യാന്‍ നിര്‍ദേശം; ‘ഉപദേശി’യെ പൊക്കി മോട്ടോര്‍ വാഹനവകുപ്പ്, പിഴ ചുമത്തി

കാക്കനാട്: വാഹനങ്ങള്‍ ചീറിപ്പായുന്ന തിരക്കേറിയ നടുറോഡില്‍ കാര്‍ നിര്‍ത്തിയിട്ട് മറ്റൊരു കാര്‍ യാത്രികനു ഉപദേശം നല്‍കിയ യുവാവിനെ പിടികൂടി പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. ബുധനാഴ്ച രാവിലെ ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് ഹൈവേയിലായിരുന്നു സംഭവം. ഇന്‍ഫോപാര്‍ക്ക് ഭാഗത്തുനിന്നാണ് രണ്ടു കാറുകളും വന്നത്.

അലക്ഷ്യമായി വാഹനം ഓടിച്ചു എന്നാരോപിച്ച് മുന്നില്‍പ്പോയ പട്ടിമറ്റം സ്വദേശിയായ യുവാവിന്റെ കാര്‍ തടഞ്ഞ് പിന്നാലെയുണ്ടായിരുന്ന കൊല്ലം സ്വദേശി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് റോഡരികിലേക്ക് കാര്‍ ഒതുക്കി നിര്‍ത്തി. കൊല്ലം സ്വദേശി കാര്‍ നടുറോഡിലും നിര്‍ത്തിയിടുകയായിരുന്നു. ശേഷം, യുവാവിനെ കാറില്‍ നിന്നു പുറത്തിറക്കിയായിരുന്നു ഉപദേശം നല്‍കിയത്.

ഈ സമയം, അതുവഴി വന്ന എറണാകുളം ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍കുമാര്‍ കാര്യം തിരക്കി. വാഹനം റോഡില്‍ നിന്ന് മാറ്റിയിട്ട് സംസാരിക്കാമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇദ്ദേഹത്തോട് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും മറ്റ് വാഹനങ്ങള്‍ക്ക് അപകടങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ വാഹനം നിര്‍ത്തിയിട്ടതിനും കൊല്ലം സ്വദേശിക്കെതിരേ പിഴ ചുമത്തുകയായിരുന്നു.

Exit mobile version