‘മോഷ്ടിച്ചത് എന്റെ കണ്ണാണ്’: പണം തരാം, ആ ലാപ്‌ടോപ്പ് തിരിച്ചുതരൂ; കാഴ്ചപരിമിതിയുള്ള ഗവേഷക സായൂജ്യ

കോഴിക്കോട്: ‘നഷ്ടപ്പെട്ടത് ലാപ്‌ടോപ്പല്ല, കണ്ണാണ്’ കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനി സായൂജ്യ നിസ്സഹായതോടെയുള്ള വാക്കുകളാണിത്. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് ഭാഷാവകുപ്പിലെ കാഴ്ചപരിമിതിയുള്ള ഗവേഷകയാണ് തൃശൂര്‍ സ്വദേശിയായ സായൂജ്യ.

ഇക്കഴിഞ്ഞ നവംബര്‍ മൂന്നിനാണ് പഠന റിപ്പോര്‍ട്ടുകള്‍ അടങ്ങിയ ലാപ്‌ടോപ് മോഷണം പോയത്. കോഴിക്കോട് ബീച്ചില്‍ വെച്ച് മോഷണം പോയ ലാപ്‌ടോപ്പ് തിരികെ ലഭിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ് സുഹൃത്തുക്കള്‍. ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്‌ടോപ്പ്, വില്‍പ്പനക്കാര്‍ ആരെങ്കിലും വാങ്ങിച്ചിട്ടുണ്ടെങ്കില്‍ പണം നല്‍കി പോലും തിരികെ വാങ്ങാന്‍ തയ്യാറാണെന്ന് സര്‍വകലാശാലയിലെ ഗവേഷക സംഘടന പറയുന്നു.

കാഴ്ചപരിമിതിയുള്ളവര്‍ക്കുള്ള സോഫ്റ്റുവെയറുകളും മറ്റും ഉപയോഗിച്ചാണ് സായൂജ്യയുടെ പഠനം. ബിരുദതലം മുതല്‍ക്കുള്ള പഠന വസ്തുക്കളും നിരവധി പിഡിഎഫ് ഫയലുകളും ഇതുവരെയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളുമെല്ലാം ലാപ്‌ടോപ്പിലായിരുന്നു ഉള്ളത്.

സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട് ബീച്ച് സന്ദര്‍ശിക്കാന്‍ പോയപ്പോളാണ് ലാപ്‌ടോപ്പ് മോഷണം പോകുന്നത്. കാറിന്റെ പിന്‍സീറ്റില്‍ വെച്ചിരുന്ന ലാപ്‌ടോപ്പ് ആരോ എടുത്തുകൊണ്ടുപോകുകയായിരുന്നു. അന്ന് തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല.

പോലീസിന്റെ അന്വേഷണത്തില്‍ വിവരമൊന്നും ലഭിക്കാതായതോടെയാണ് ലാപ്‌ടോപ്പ് തിരികെ നല്‍കണമെന്ന അഭ്യര്‍ഥനയുമായി സര്‍വകലാശാലാ ഗവേഷക സംഘടന രംഗത്തെത്തിയത്. മോഷ്ടിച്ചയാള്‍ ഏതെങ്കിലും സെക്കന്‍ഡ്-ഹാന്‍ഡ് കടകളില്‍ ലാപ്‌ടോപ്പ് വിറ്റിട്ടുണ്ടെങ്കില്‍ മുടക്കിയ പണം മുഴുവന്‍ നല്‍കി ലാപ്‌ടോപ് വാങ്ങിക്കോളാമെന്ന് ഗവേഷക സംഘടനയായ എകെആര്‍എസ്എ പറയുന്നു.

ലാപ്‌ടോപ്പ് തിരിച്ചറിയുന്നതിനായി സാങ്കേതിക വിവരങ്ങളും നല്‍കിയിട്ടുണ്ട്. ലാപ്‌ടോപ്പ് ഉടന്‍ തന്നെ തിരികെ ലഭിക്കുമെന്നും ഗവേഷണം തുടരാനാകുമെന്നുമുള്ള പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സായൂജ്യ.

Exit mobile version