വീട് പൂട്ടി ഒളിവിൽപോയ മൊഫിയയുടെ ഭർത്താവും കുടുംബവും പോലീസ് കസ്റ്റഡിയിൽ; സിഐയ്ക്ക് എതിരേയും നടപടി ഉണ്ടായേക്കും

കൊച്ചി: ആലുവയിൽ നിയമ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് മുഹമ്മദ് സുഹൈലും ബന്ധുക്കളും പോലീസ് കസ്റ്റഡിയിൽ. മൊഫിയയുടെ മരണത്തിന് പിന്നാലെ വീട് പൂട്ടി കോതമംഗലത്തെ ബന്ധുവീട്ടിലേക്ക് ഒളിച്ചുകടന്ന ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഭർത്താവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമായ പോലീസ് വീഴ്ചയിൽ സിഐയ്‌ക്കെതിരെ നടപടിക്കും സാധ്യതയുണ്ട്. ആലുവ ഡിവൈഎസ്പി അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.

ആലുവ സിഐയ്‌ക്കെതിരെ നടപടിയെടുക്കണം എന്ന് ആത്മഹത്യാകുറിപ്പിൽ എഴുതിവച്ചാണ് എടയപ്പുറത്ത് സ്വദേശിനിയായ മൊഫിയ പർവീൺ ജീവനൊടുക്കിയത്. പരാതി ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പോലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് ആരോപണം.

ആലുവ സ്റ്റേഷനിൽ പരാതിക്കാരിയും പിതാവും എത്തിയപ്പോൾ സിഐ തന്റെ മുറിയിലേക്ക് വിളിച്ചു. യുവതിയുടെ ഭർത്താവിനെയും വിളിച്ചുവരുത്തി പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ കേസെടുക്കാത്തതെന്താണെന്ന് യുവതി പോലീസിനോട് ചോദിച്ചു. സിഐ ഉത്തരം നൽകാതെ വീണ്ടും സംസാരിച്ചു. ഭർത്താവും സംസാരിച്ചു തുടങ്ങിയതോടെയാണ് തർക്കമുണ്ടായതും യുവതി ഭർത്താവിന്റെ മുഖത്തടിച്ച് ഇറങ്ങിപ്പോയതും. സിഐ യുവതിയുടെ അച്ഛനോട് അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം.

Exit mobile version