കുഞ്ഞിനെ കൊണ്ടുപോകാതിരിക്കാന്‍ പറ്റുമോയെന്ന് പലതവണ ആവര്‍ത്തിച്ചു, ഒടുവില്‍ നെറുകയില്‍ നിറകണ്ണുകളോടെ ഒരുമ്മ നല്‍കി ആ അമ്മ തിരിഞ്ഞ് നടന്നു; സങ്കട കാഴ്ച

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ആരോപണവുമായി രംഗത്തെത്തിയ അനുപമയുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്. കുട്ടിയെ ഏറ്റെടുക്കുമ്പോഴുള്ള സങ്കട കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കുട്ടിയെ വിജയവാഡയില്‍നിന്ന് എത്തിച്ച സംഘത്തിലെ ഉദ്യോഗസ്ഥനാണ് ആ കാഴ്ച മാധ്യമങ്ങളോട് വിവരിച്ചത്. കണ്ടുനില്‍ക്കാന്‍ പോലും സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. തങ്ങളെ കണ്ടപ്പാടെ അവര്‍ പൊട്ടിക്കരഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം പറഞ്ഞു മനസിലാക്കിയ ശേഷം കുട്ടിയെ വിട്ടുതരുമ്പോള്‍ അവന്റെ നെറുകയില്‍ അവസാനമായി ഒരുമ്മ നല്‍കിയത് തങ്ങളുടെ നെഞ്ചകം തകര്‍ന്ന കാഴ്ചയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഉദ്യോഗസ്ഥന്റെ വാക്കുകളിലേയ്ക്ക്;

”സംസാരിക്കുമ്പോഴൊക്കെയും കുട്ടിയെ മാറത്ത് അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു അവര്‍. ആ സ്‌നേഹവാത്സല്യത്തില്‍ ഒന്നുമറിയാതെ അവനും ഉറങ്ങി. ‘അമ്മ’യുടെ കരച്ചില്‍ കേട്ട് ഇടയ്ക്കുണരും. അപ്പോഴെല്ലാം അവര്‍ ഉമ്മ നല്‍കി കൊഞ്ചിക്കും. ഓരോ മിനിറ്റും ഓരോ ദിവസങ്ങള്‍ പോലെയായിരുന്നു. കണ്ടുനില്‍ക്കാന്‍ പറ്റില്ലായിരുന്നു ആ സങ്കടം. കുഞ്ഞിനെ കൊണ്ടുപോകാതിരിക്കാന്‍ പറ്റുമോയെന്ന് എത്രതവണ ചോദിച്ചെന്നറിയില്ല…”

”ശനിയാഴ്ചയാണ് ഞങ്ങള്‍ ഹൈദരാബാദിലേക്ക് പോയത്. ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ.മാരായ പി. പ്രതാപചന്ദ്രന്‍, ടി. സന്തോഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസുദ്യോഗസ്ഥയായ ഷംല, ശിശുക്ഷേമ സമിതിയിലെ സോഷ്യല്‍ വര്‍ക്കറായ വിനീത എന്നിവരാണുണ്ടായിരുന്നത്. ഹൈദരാബാദില്‍നിന്ന് വിജയവാഡയ്ക്ക് സമീപത്തേക്ക് മൂന്നുമണിക്കൂര്‍ കാര്‍ യാത്ര. അപ്പോഴൊക്കെയും മനസ്സില്‍ ആശങ്കയായിരുന്നു. എന്തു പറഞ്ഞാണ് കുട്ടിയെ ദത്തെടുത്തവരെ സമീപിക്കുക! വൈകുന്നേരം അവിടുത്തെ ശിശുക്ഷേമസമിതിയുടെ ഓഫീസിലെത്തി. അവര്‍ക്ക് നേരത്തേ വിവരം നല്‍കിയിരുന്നു. അകത്ത് കയറിയപ്പോഴേ ഞങ്ങള്‍ കണ്ടു; കേരളം മുഴുവന്‍ അന്വേഷിക്കുന്ന കുട്ടിയുമായി വളര്‍ത്തച്ഛനും അമ്മയും. ഞങ്ങളെ കണ്ടപ്പോഴേ അമ്മ വാവിട്ട് കരഞ്ഞു. എങ്കിലും നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു.

കുട്ടിയെ അഞ്ച് ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന ശിശുക്ഷേമ സമിതിയുടെ ഉത്തരവ് കാണിച്ചു. വിവാദങ്ങള്‍ അവര്‍ അറിഞ്ഞിരുന്നു. കുട്ടിക്കുവേണ്ടി നഗരത്തിലേക്ക് വീടുമാറിയെന്നും അവന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നും അധ്യാപക ദമ്പതിമാര്‍ പറഞ്ഞു. ‘വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയതാണ് ഈ പൊന്നുമോനെ. ഇവന്‍ വന്നതിനുശേഷം ഞങ്ങളുടെ ജീവിതം എത്രമാറിയെന്നറിയുമോ…’ കുട്ടിയെ വിട്ടുതരണമെന്നും അവര്‍ കരഞ്ഞപേക്ഷിച്ചു. ഒടുവില്‍, ഡി.എന്‍.എ. പരിശോധനയ്ക്കുമാത്രമായാണ് കുഞ്ഞിനെ കൊണ്ടുപോകുന്നതെന്നവരെ ബോധ്യപ്പെടുത്തി. ഇടയ്ക്ക്, സോഷ്യല്‍ വര്‍ക്കറായ വിനീതയും കുഞ്ഞിനെ ലാളിക്കാന്‍ ശ്രമിച്ചു. അതിനും അവര്‍ അനുവദിച്ചു.

ഒടുവില്‍ എങ്ങനെയോ കുട്ടിയെ കൈമാറാന്‍ ദമ്പതിമാര്‍ സമ്മതിച്ചു. എങ്ങനെയായാലും കുട്ടിയെ കൈമാറേണ്ടി വരുമെന്ന് അവര്‍ക്കറിയാമായിരുന്നെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. കുട്ടിക്ക് രാത്രി കൊടുക്കാനുള്ള പാലും വസ്ത്രവും കളിപ്പാട്ടങ്ങളും കുട്ടിയുടെ രോഗവിവരങ്ങളടങ്ങിയ റെക്കോഡും ബാഗില്‍ നിന്നെടുത്ത് നല്‍കി. പിന്നെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭര്‍ത്താവിന്റെ കൈപിടിച്ച് ചേര്‍ത്തുനിര്‍ത്തി അവസാനമായി നെറുകയില്‍ അവനൊരുമ്മ നല്‍കി മടങ്ങുകയായിരുന്നു.

Exit mobile version