നടന്നത് കുട്ടിക്കടത്തെന്ന് അനുപമ; ഷിജു ഖാനെതിരെ ക്രിമിനൽ കേസ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

തിരുവനന്തപുരം: തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി അമ്മ അനുപമ. ലൈസൻസില്ലാത്ത ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ ദത്ത് നൽകിയെന്നാണ് അനുപമ ചോദിക്കുന്നത്. ഷിജുഖാനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും അനുപമ ആവശ്യപ്പെട്ടു.

ശിശുക്ഷേമ സമിതിയുടെ ദത്ത് നൽകാനുള്ള ലൈസൻസ് കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു. 2016 ജൂലൈ ഒന്ന് മുതൽ 2021 ജൂൺ 30 വരെയായിരുന്നു ലൈസൻസ് കാലാവധി. കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതികൾക്ക് കൈമാറുമ്പോൾ ശിശുക്ഷേണ സമിതിക്ക് ലൈസൻസ് ഇല്ലായിരുന്നു എന്നാണ് അനുപമ ചൂണ്ടിക്കാണിക്കുന്നത്. ഈ കേസിൽ ശിശുക്ഷേമ സമിതിയെ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതി വിമർശിച്ചിരുന്നു.

ദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്നെന്നും ലൈസൻസിൽ വ്യക്തത വേണമെന്നും കോടതിയും നിരീക്ഷിച്ചിരുന്നു. അതേസമയം, ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. വിശദമായ വാദം കേൾക്കാൻ കേസ് കോടതി മാറ്റിവെച്ചിരിക്കുകയാണ്.

Exit mobile version