അപകീര്‍ത്തിപരമായ വാര്‍ത്തകള്‍: പരാതി നല്‍കി അന്‍സി കബീറിന്റെ കുടുംബം

കൊച്ചി: അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട മോഡല്‍ അന്‍സി കബീറിന്റെ കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഇതിനെതിരെ നടപടി വേണമെന്നാണ് കമ്മീഷണറോട് ആവശ്യപ്പെട്ടത്.

ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുക്കണം എന്നും പരാതിയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. പുതിയ അന്വേഷണ സംഘത്തിന് മുന്നില്‍ ബന്ധുക്കള്‍ക്ക് മൊഴി നല്‍കി. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും കുടുംബം പ്രതികരിച്ചു.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നായിരുന്നു റിപ്പോര്‍ട്ട്.

Exit mobile version