യുപി ഇലക്ഷൻ കഴിഞ്ഞു വീണ്ടും വാക്ക് മാറ്റണം,നിരീക്ഷകരുടെയും ഭക്തരുടെയും മിത്രങ്ങളുടെയും മാനം രക്ഷിക്കണം; ജനാധിപത്യവിരുദ്ധ നിയമങ്ങളെ ന്യായീകരിച്ചവരെ പരിഹസിച്ച് സോഷ്യൽമീഡിയ

farmers

തൃശ്ശൂർ: കേന്ദ്രസർക്കാർ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതോടെ വെട്ടിലായത് നിയമങ്ങളെ ഇത്രനാളും ന്യായീകരിച്ചിരുന്ന നിരീക്ഷകരും സംഘപരിവാറുമാണ്. വലതുപക്ഷ നിരീക്ഷകർ ചാനലുകളിലും മറ്റും നിരന്തരം കർഷക സമരങ്ങളെ തള്ളിപ്പറയുകയും പുതിയ നിയമങ്ങൾ രാജ്യത്തിന്റെ അഭിവൃദ്ധിക്കാണെന്ന് വാദിക്കുകയും ചെയ്തിരുന്നു.

എന്നാൽ പ്രധാനമന്ത്രി മുന്നറിയിപ്പില്ലാതെ കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ ന്യായീകരണം തേടുകയാണ് ഇക്കൂട്ടർ. അതേസമയം, യുപി, പഞ്ചാബ് തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് വ്യക്തമാണ്. കർഷകരുടെ പ്രതിഷേധം വോട്ട് കാര്യമായി ചോർത്തുമെന്ന തിരിച്ചറിവും ജനരോഷവുമാണ് കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചത്.

ഇതിനിടെ, മോഡിക്കും സംഘപരിവാരിനും നേരെ സോഷ്യൽമീഡിയ ട്രോളുകളും ശക്തമാവുകയാണ്. കേന്ദ്രത്തിന്റെ മുട്ടുമടക്കലിനെ അഡ്വ. ഹരീഷ് വാസുദേവൻ പരിഹസിക്കുന്നതിങ്ങനെ:
‘ആ ജനാധിപത്യവിരുദ്ധ നിയമങ്ങളെ ന്യായീകരിച്ചു നാണംകെട്ട നിരീക്ഷകരും അനുഭാവികളും ഭക്തരും ഇപ്പൊ ആരായി??
‘രാജ്യത്തെ കർഷകർക്ക് മുഴുവൻ ഗുണമുണ്ടാകുന്ന, കൃഷി അഭിവൃദ്ധിപ്പെടുന്ന’ 3 നിയമങ്ങൾ കേവലം സ്ഥാപിത താല്പര്യക്കാരായ ചിലരുടെ സമരം കൊണ്ട് പിൻവലിക്കാമോ?? മോദീജീ, പാടില്ല. 56 ഇഞ്ച് നെഞ്ചുള്ള മോദീജീ സാധാരണ കർഷകർക്ക് മുൻപിൽ തോൽക്കുകയോ?? പാടില്ല.

യുപി ഇലക്ഷൻ കഴിഞ്ഞു വീണ്ടും വാക്ക് മാറ്റണം, 3 നിയമങ്ങൾ തിരിച്ചു കൊണ്ടുവരണം, നിരീക്ഷകരുടെയും ഭക്തരുടെയും മിത്രങ്ങളുടെയും മാനം രക്ഷിക്കണം. അതുവരെ പുലി പതുങ്ങുന്നത് കുതിക്കാനാണ് എന്ന ന്യായം പറഞ്ഞു അവർ പിടിച്ചു നിന്നോളും..’

Exit mobile version