മോഡലുകളുടെ മരണം; പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ പേരെ ചോദ്യം ചെയ്യും; നഷ്ടപ്പെട്ട ഡിവിആർ നിർണായകമെന്നും കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്രെ

കൊച്ചി: മുൻ മിസ്‌കേരളയടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്രെ. ഹോട്ടലുകാർ കൈമാറിയ സിസിടിവി ദൃശ്യങ്ങളിൽ സംശയിക്കത്തക്കതായി ഒന്നുമില്ല. എന്നാൽ, നഷ്ടപ്പെട്ട ഡിവിആർ കണ്ടെത്തേണ്ടത് അന്വേഷണത്തിൽ നിർണായകമാണെന്നും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈജുവിന് നോട്ടീസ് നൽകുമെന്നും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

ഹോട്ടലിലെ ഡിജെ പാർട്ടിയുമായി ബന്ധപ്പെട്ട് ആറു പേരെ പാലാരിവട്ടം സ്റ്റേഷനിൽ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരുടെ വിശദമൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. ഡിജെ പാർട്ടിക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ, ആരെങ്കിലുമായി മോഡലുകൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടോ തുടങ്ങിയ കാര്യങ്ങളിൽ സ്ഥിരീകരണം വരുത്തുകയാണ് പോലീസ് ലക്ഷ്യം.

ഇതിനിടെ, മോഡലുകളുടെ കാർ പിന്തുടർന്ന ഷൈജു മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന മോഡലുകൾ മദ്യപിച്ചിരുന്നു. യാത്ര ഒഴിവാക്കാൻ സംഘത്തോട് ആവശ്യപ്പെട്ടു. മോഡലുകളുടെ കാറിന് പിറകെ താൻ ഉണ്ടായിരുന്നു. കാക്കനാട്ടെ വീട്ടിലേക്ക് താൻ പോകുന്നതിനിടെയാണ് ബൈക്കപകടം ശ്രദ്ധയിൽപ്പെട്ടത്. ഇതിന് പിന്നാലെ മോഡലുകളുടെ കാർ അപകടത്തിൽപ്പെട്ടതും കണ്ടു. ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചെന്നും ഷൈജു ചൂണ്ടിക്കാട്ടുന്നു.

Exit mobile version