കുഞ്ഞിനെ എത്തിക്കാന്‍ ഉത്തരവ് പുറത്തിറക്കിയതില്‍ ഒരുപാട് സന്തോഷം: ഈ മാസം അവസാനം കുഞ്ഞിനെ ലഭിക്കും എന്നാണ് പ്രതീക്ഷ; അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതി ഉത്തരവ് പുറത്തിറക്കിയതില്‍ ഒരുപാട് സന്തോഷമെന്ന് അനുപമ. കുഞ്ഞിനെ ലഭിക്കാനായി ഒരുപാട് നാളായി കാത്തിരിക്കുകയാണ്. ഈ മാസം അവസാനം അല്ലെങ്കില്‍ അടുത്ത മാസം കുഞ്ഞിനെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പി കയ്യില്‍ കിട്ടി. അതില്‍ ഒരുപാട് സന്തോഷമെന്ന് അനുപമ പറഞ്ഞു. ഓഡര്‍ ലഭിച്ചെങ്കിലും സമരം തുടരും. ആവശ്യങ്ങളില്‍ ഒന്നാണ് കുഞ്ഞിനെ തിരികെ ലഭിക്കുക എന്നത്. മറ്റേത് അങ്ങനെ തന്നെ നില്‍ക്കുന്നു.

സംഭവത്തിലെ വീഴ്ചകള്‍ക്ക് എതിരായ നിയമ പോരാട്ടം തുടരുമെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍ നിന്ന് ഉത്തരവ് കൈപ്പറ്റിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അനുപമ.

എല്ലാം പോസിറ്റീവായാണ് തോന്നുന്നത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കൊണ്ടുവരും. എത്രയും പെട്ടന്ന് ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. പരിശോധന നടത്തുന്നതുവരെ കുഞ്ഞിന്റെ ഉത്തരവാദിത്വം ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥലത്ത് കുഞ്ഞിനെ പാര്‍പ്പിക്കും എന്നാണ് അറിയുന്നത്.

അനുപമയുടെ കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ശിശുക്ഷേമ സമിതി ഉത്തരവ് പുറത്തിറക്കിയിരുന്നു. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരികയെത്തിക്കണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ഉത്തരവ്.

പോലീസ് സംരക്ഷണയിലാണ് ആന്ധ്രപ്രദേശില്‍ നിന്നും കുഞ്ഞിനെ തിരിച്ചെത്തിക്കുക. കുഞ്ഞിനെ കേരളത്തില്‍ എത്തിച്ച ശേഷം ഡിഎന്‍എ പരിശോധനയും നടത്തും. നിലവില്‍ ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്.

Exit mobile version