‘പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം’; കുഞ്ഞിനെ കൈയ്യില്‍ കിട്ടുന്ന നിമിഷം മാത്രമാണ് മനസ്സില്‍; ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ട് അനുപമയും അജിത്തും

തിരുവനന്തപുരം:’പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം’, ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ട് അനുപമയും അജിത്തും. കുഞ്ഞിനെ കണ്ടതില്‍ സന്തോഷമെന്ന് അനുപമ പറഞ്ഞു. 35 മിനിറ്റ് നേരം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇടറുന്ന വാക്കുകളോടെയാണ് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുഞ്ഞ് സുഖമായി ഇരിക്കുന്നു. എന്നാലും ഇവിടെ ഉപേക്ഷിച്ച് പോകാനാവില്ലല്ലോ എന്നും അനുപമ പറഞ്ഞു.

കുഞ്ഞിനെ കൈയ്യില്‍ കിട്ടുന്ന നിമിഷം മാത്രമാണ് ഇപ്പോള്‍ മനസ്സിലുള്ളത്’. ഡിഎന്‍എ ഫലം പോസിറ്റീവായതിന് പിന്നാലെ സന്തോഷം പങ്കുവച്ച് അനുപമ പറഞ്ഞു. ഒരുപാട് കഷ്ടപ്പെട്ടതാണ്. കുഞ്ഞിനെ കാണാനായി ഒരുപാട് ഓഫീസുകള്‍ കയറി ഇറങ്ങി. സന്തോഷമുണ്ടെന്ന് അജിത്തും പ്രതികരിച്ചു.

കുഞ്ഞ് അനുപമയുടേത് തന്നെയെന്ന ഡിഎന്‍എ ഫലം വന്നതിന് പിന്നാലെ മധുരം പങ്കിട്ടാണ് അനുപമ സന്തോഷം പങ്കുവെച്ചത്. ഒരു വര്‍ഷത്തിലേറെയായി ഉള്ള കാത്തിരിപ്പിന്റെയും പോരാട്ടത്തിന്റെയും ഫലമാണിത്. കുഞ്ഞിനെ കയ്യില്‍ കിട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. ഇതുവരെ ഉണ്ടായ കാലതാമസം ഇനി ഉണ്ടാകരുത്, എത്രയും പെട്ടെന്ന് കയ്യിലേക്ക് തരണമെന്ന് അഭ്യര്‍ഥന. സമരമുറ മാറ്റി മറ്റ് ആവശ്യങ്ങളുന്നയിച്ചുള്ള പോരാട്ടം തുടരും. കാരണം കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍ മാത്രം തീരുന്ന വിഷയമല്ല ഇത്.’ അനുപമ വ്യക്തമാക്കുന്നു.

ആന്ധ്രപ്രദേശില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്നലെയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ പരിശോധനയ്ക്ക് അയച്ചത്. അനുപമയും അജിത്തും നേരത്തെ ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി രക്തസാമ്പിള്‍ നല്‍കിയിരുന്നു.

മാസങ്ങള്‍ നീണ്ട അനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനും പോരാട്ടത്തിനും അവസാനിമിട്ട് ഇന്ന് ഉച്ചയോടെയാണ് പരിശോധനാ ഫലം പോസിറ്റീവ് എന്ന വിവരം പുറത്ത് വന്നത്.

അതേസമയം, അനുപമയ്‌ക്കൊപ്പമായിരുന്നു സര്‍ക്കാറെന്നും വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

Exit mobile version