ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ചില്ലുകൂട്ടില്‍ എലിയുടെ ‘ഓടിക്കളി’; വീഡിയോ പകര്‍ത്തി ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറി വിദ്യാര്‍ത്ഥികള്‍, പൂട്ടുവീണു

കോഴിക്കോട്: ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ചില്ലുകൂട്ടില്‍ എലിയെ കണ്ട വിദ്യാര്‍ത്ഥികള്‍ വീഡിയോ പകര്‍ത്തി ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ അധികൃതരെത്തി അടപ്പിച്ചു. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് പൂട്ടിച്ചത്.

കഴിഞ്ഞദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലി ഓടിക്കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ഭക്ഷ്യസുരക്ഷാവകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തി. പരിശോധനയില്‍ ഹോട്ടലില്‍ എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി.

ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയില്‍ ഭക്ഷണവിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു. ഹോട്ടലിന് നോട്ടീസും നല്‍കിയ ശേഷം അടപ്പിക്കുകയായിരുന്നു.

Exit mobile version