ഫോർട്ട്‌കൊച്ചിയിലെ ഹോട്ടലിൽ റേവ് പാർട്ടി നടന്നു; സിനിമാരംഗത്തെ പ്രമുഖരുമായി മോഡലുകൾ തർക്കത്തിൽ ഏർപ്പെട്ടു? അന്വേഷണം നിലയ്ക്കുന്നു

കൊച്ചി: മുൻ മിസ് കേരള അൻസി കബീറടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അന്വേഷണസംഘം ചോദ്യംചെയ്തു. എറണാകുളം എസിപിയുടെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്.

ഇയാൾ ഹോട്ടലിൽ നിന്നും കടത്തിയ വിവാദ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഒരു ഡിജിറ്റൽ വീഡിയോ റെക്കോഡർ (ഡിവിആർ) റോയി പോലീസിന് കൈമാറി. തുടർന്ന് ദൃശ്യങ്ങളുടെ പരിശോധന പോലീസ് ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുള്ള ഡിവിആർ മാറ്റിയത് എക്സൈസിനെ ഭയന്നിട്ടാണെന്നാണ് നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിന്റെ മൊഴി.

അതേസമയം ഹോട്ടലിന് പുറത്തെ സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. രാത്രി വൈകിയും മദ്യം വിളമ്പിയതിന് ഹോട്ടലിന്റെ ബാർ ലൈസൻസ് നവംബർ രണ്ടിന് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപുറമേ മറ്റൊരു കേസുകൂടിവന്നാൽ ലൈൻസൻസ് പൂർണമായി നഷ്ടമാകുമെന്ന് ഭയന്നാണ് ഡിവിആർ. മാറ്റിയതെന്നാണ് മൊഴിനൽകിയത്. എന്നാൽ ഹോട്ടലിന് പുറത്തെ സിസിടിവി ദൃശ്യങ്ങൾ മറച്ചതിനെ കുറിച്ച് റോയിക്ക് മറുപടിയില്ല. വീഡിയോകളിൽ കൃത്രിമം നടന്നോ എന്നറിയിയാൻ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനം.

അതേസമയം, വാഹനാപകടം നടക്കുന്നതിന് ഒരാഴ്ചമുമ്പ് ഹോട്ടലിൽ റേവ് പാർട്ടി നടന്നതായി വിവരമുണ്ട്. ഫാഷൻ രംഗത്തുള്ള പ്രമുഖ കൊറിയോഗ്രാഫർ സംഘടിപ്പിച്ച പാർട്ടിയിലേക്ക് ഇയാൾ ദുബായിൽനിന്ന് സിന്തറ്റിക് മയക്കുമരുന്ന് എത്തിച്ചെന്നുമാണ് വിവരം.

അതേസമയം, അപകടത്തിന് തൊട്ടുമുമ്പ് പാർട്ടിയിൽ പങ്കെടുത്ത സിനിമാരംഗത്തെ പ്രമുഖരുമായി മോഡലുകൾ തമ്മിൽ തർക്കമുണ്ടായതായും സംശയമുണ്ട്. ഇതേതുടർന്നാണ് ഇവരെ കാർ പിന്തുടർന്നതെന്നും സംശയിക്കുന്നു.

എന്നാൽ മോഡലുകളുടെ മരണം സംബന്ധിച്ച അന്വേഷണം സിനിമാ മേഖലയിലേക്ക് എത്തിയതോടെ നടപടികൾ ഇഴയുകയാണ്. നിലവിലെ അന്വേഷണം കൃത്യമായി മുന്നോട്ടുപോയാൽ സിനിമാരംഗത്തുള്ളവരെ ചോദ്യംചെയ്യേണ്ടിവരും. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ സിനിമാരംഗത്തുള്ളവർ അടക്കം പങ്കെടുത്ത റേവ് പാർട്ടി (ലഹരിപ്പാർട്ടി) നടന്നതായി പോലീസ് സംശയിക്കുന്നുണ്ട്.

എന്നാൽ, ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽനിന്നുതന്നെ ഈ അന്വേഷണത്തിന് എതിരെ സമ്മർദമുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം മാത്രം നടത്തിയാൽ മതിയെന്നാണ് നിർദേശമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടിയിൽ ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിൽ എത്താറുണ്ട്. അന്വേഷണം നീണ്ടാൽ ഇവർക്കും കുരുക്കാകും.

അതേസമയം, അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഔഡി കാറിലെ ഡ്രൈവർ സൈജു സുഹൃത്താണെന്നും അപകടംനടന്ന വിവരം ഇയാൾ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നെന്നും റോയി പോലീസിനെ അറിയിച്ചു.

Exit mobile version