ഇടുക്കി ഡാം വീണ്ടും തുറന്നേക്കും: ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടറുടെ മുന്നറിയിപ്പ്

ഇടുക്കി: ഇടുക്കി ഡാം വീണ്ടും തുറക്കാന്‍ സാധ്യത. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ഷട്ടറുകള്‍ തുറന്നേക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രണ്ടാം ഘട്ട മുന്നറിയിപ്പായി ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു.

ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറന്നേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നാളെ വൈകുന്നേരമോ, മറ്റന്നാള്‍ രാവിലെയോ ആയിരിക്കും തുറക്കുക. നൂറ് ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കാന്‍ ഉദ്ദേശിക്കുന്നത്. അന്തിമ തീരുമാനം പിന്നീടുണ്ടാവും. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. നിലവില്‍ 2398.32 അടിയാണ് ഡാമിലെ ജലനിരപ്പ്.

തുലാവര്‍ഷം ശക്തിപ്രാപിച്ച് നില്‍ക്കുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. ഇതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചിട്ടുണ്ട്. സെക്കന്റില്‍ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ഈ മാസം 20ന് അണക്കെട്ടില്‍ 141 അടി വെള്ളം സംഭരിക്കാം. നിലവില്‍ ഡാമിലെ ജലനിരപ്പ് 139.05 അടിയാണ്.

Exit mobile version