പെരിയാറില്‍ ജലനിരപ്പ് വാണിങ് ലെവലിന് താഴെ: അപകടകരമായാല്‍ ഇടുക്കിയില്‍ നിന്നുള്ള അളവ് നിയന്ത്രിക്കും; വൈദ്യുതിമന്ത്രി

ആലുവ: പെരിയാറില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തുവിടുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി.

നിലവില്‍ അപകടകരമായ സാഹചര്യമില്ലെന്നും ആലുവയില്‍ പെരിയാറിലെ ജലനിരപ്പ് പരിശോധിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ഇടുക്കി – ഇടമലയാര്‍ ഡാമുകളില്‍ നിന്നും വെള്ളം പുറത്തുവിട്ട് തുടങ്ങിയത്. വൈകിട്ട് പരിശോധിക്കുമ്പോള്‍ കാലടിയിലെയും ആലുവയിലെയും ജലനിരപ്പ് വാണിങ് ലെവലിന് ഏറെ താഴെയാണെന്ന് മന്ത്രി അറിയിച്ചു.

ആലുവയിലും കാലടിയിലും ജലനിരപ്പ് നിരീക്ഷിക്കാന്‍ പ്രത്യേക മോണിറ്ററിങ് സംവിധാനമുണ്ട്. ഇവ കൃത്യമായി നിരീക്ഷിച്ചു വരികയാണ്. അപകടകരമായ നിലയിലേക്ക് വെള്ളം ഉയരുമെന്ന് കണ്ടാല്‍ ഇടുക്കിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താം. ഇതിനുള്ള സ്പേസ് കൂടി കണക്കാക്കിയാണ് വെള്ളം തുറന്നു വിട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പേമാരിയിലും പ്രളയത്തിലും വൈദ്യുതി ബോര്‍ഡിന് ഇതുവരെ ഏകദേശം 18.24 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇന്ന് ഇടുക്കി ഡാം തുറന്നു വിട്ടതിനാല്‍ 200 മെഗാവാട്ട് വൈദ്യുതി പുറത്തു നിന്ന് വാങ്ങേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version