തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സികെ ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി. ശബ്ദ പരിശോധന കേന്ദ്ര സർക്കാർ ലാബിൽ നടത്തണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി.
ഇതോടെ സംസ്ഥാന സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബിൽ തന്നെ ശബ്ദ പരിശോധന നടത്തും. ബിജെപി നൽകിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസീതയും സികെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സികെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന് ജെആർപി നേതാവ് പ്രസീത അഴീക്കോടാണ് ആരോപിച്ചത്. തിരുവനന്തപുരം, ബത്തേരി എന്നിവിടങ്ങളിൽ വെച്ച് ഈ തുക കൈമാറിയതെന്നാണ് പ്രസീത അഴിക്കോട് ആരോപിക്കുന്നത്.
ഇക്കാര്യം സാധൂകരിക്കുന്ന കൂടുതൽ ശബ്ദ രേഖകൾ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ, അവർ എന്തൊക്കെയാണ് സംസാരിച്ചതെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തന്റെ ഫോൺ ക്രൈംബ്രാഞ്ച് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്നാണ് പ്രസീത അഴീക്കോട് പറയുന്നത്.
ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സികെ ജാനുവിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാൻ കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
