പൃഥ്വിരാജിന്റെ ‘ജനഗണമന’: മൈസൂരു മഹാരാജ കോളേജിലെ ഷൂട്ടിങ് തടഞ്ഞ് അധ്യാപകരും വിദ്യാര്‍ഥികളും

മൈസൂര്‍: പൃഥ്വിരാജിന്റെ പുതിയ ചിത്രം ജനഗണമനയുടെ ഷൂട്ടിങിനിടയില്‍ എതിര്‍പ്പുമായി അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്ത്. മൈസൂരു മഹാരാജ കോളേജില്‍ നടന്ന ഷൂട്ടിങ്ങിനിടയിലാണ് പ്രശ്‌നമുണ്ടായത്.

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന. ഞായറാഴ്ച മുതലാണ് കോളേജില്‍ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പ്രവ്യത്തി ദിനമായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഷൂട്ടിങ് തുടര്‍ന്നതാണ് പ്രശ്നത്തിന് വഴിവെച്ചത്. വരുമാനം ലഭിക്കാനായി കോളേജില്‍ ചിത്രീകരണം നടത്താന്‍ സര്‍വ്വകലാശാല പലപ്പോഴും അനുമതി നല്‍കാറുണ്ട്.

സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജായത് കൊണ്ടാണ് ഇവിടെ ഷൂട്ടിങ്ങിനായി തുറന്നു കൊടുത്തത്. അധ്യയന ദിവസങ്ങളില്‍ ചിത്രീകരണം നടത്താന്‍ അനുമതി നല്‍കിയ സര്‍വ്വകലാശാലയുടെ നടപടി ശരിയല്ലെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും വ്യക്തമാക്കി. മാത്രമല്ല അവധി ദിവസങ്ങളില്‍ സിനിമ ചിത്രീകരണം നടത്തുന്നതില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും അവര്‍ പറഞ്ഞു.

പ്രശ്നം കോളേജിന്റെ അധികാര പരിതിയില്‍ അല്ലെന്നാരോപിച്ച് പ്രിന്‍സിപ്പാള്‍ വിഷയത്തില്‍ ഇടപ്പെടാന്‍ തയ്യാറായില്ല. ക്ലാസുകളെ തടസ്സപ്പെടുത്തിക്കൊണ്ടല്ല ചിത്രീകരണം നടത്തേണ്ടതെന്ന് സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രെഫ. ആര്‍ ശിവപ്പ പറഞ്ഞു. ഇത് സംബന്ധിച്ച നിബന്ധനകളോടെയാണ് അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കന്നഡ, തമിഴ്, മലയാളം, തെലുങ്ക് സിനമകളുടെ ഷൂട്ടിങ്ങുകള്‍ മഹാരാജ കേളോജില്‍ വെച്ച് നടത്താറുണ്ട്. കോളേജ്, കോടതി, സര്‍ക്കാര്‍ ഓഫീസ് എന്നീ രംഗങ്ങളാണ് ഇവിടെ കൂടുതലായും ചിത്രീകരിക്കുന്നത്. ഈയടുത്ത് മരണപ്പെട്ട പുനീത് രാജ്കുമാറിന്റെ യുവരത്ന എന്ന സിനിമയുടെ പല രംഗങ്ങളും ഇവിടെ നിന്നാണ് ചിത്രീകരിച്ചത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ജനഗണമനയുടെ പ്രോമോ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണങ്ങളായിരുന്നു പ്രോമോയ്ക്ക് ലഭിച്ചത്. പൊലീസായ സുരാജ് പൃഥ്വിരാജിനെ ചോദ്യം ചെയ്യുന്നതാണ് പ്രോമോ. ‘ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാണ് സാറേ ഇത്’ എന്ന പൃഥ്വിരാജിന്റെ ഡയലോഗ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

Exit mobile version