സ്ഥാനാര്‍ഥിയാവാന്‍ ബിജെപി രണ്ട് തവണ സമീപിച്ചു: തോറ്റാല്‍ രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തു; അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും സമീപിച്ചു; സെബാസ്റ്റ്യന്‍ പോള്‍

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ ബിജെപി സമീപിച്ചിരുന്നതായി മുന്‍ ഇടതുപക്ഷ സ്വതന്ത്ര എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍. തോറ്റാല്‍ രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. വ്യാഴാഴ്ച പുറത്തിറങ്ങുന്ന ‘എന്റെ കാലം എന്റെ ലോകം’ എന്ന ആത്മകഥാരൂപത്തിലുള്ള പുസ്തകത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ തുറന്നു പറച്ചില്‍.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സീറ്റ് വാഗ്ദാനമായി ബിജെപിയും, ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും തന്നെ സമീപിച്ചിരുന്നു എന്നും സെബാസ്റ്റ്യന്‍ പോള്‍ വെളിപ്പെടുത്തി.

ഇന്ത്യ യുഎസ് ആണവ കരാറിന്റെ പേരില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്തു എന്നാണ് സെബാസ്റ്റ്യന്‍ പോളിന്റെ വെളിപ്പെടുത്തല്‍. ഇടത് പക്ഷം പിന്തുണ പിന്‍വലിച്ചതോടെ അവിശ്വാസത്തെ മറികടക്കാന്‍ ഉള്ള അംഗ ബലം യുപിഎക്ക് ഇല്ലായിരുന്നു.

അക്കാലത്താണ് ചില ബിജെപി അംഗങ്ങള്‍ തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സഭയില്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തി രംഗത്ത് എത്തിയത്. ഈ സമയത്ത് തന്നെയാണ് ഇടത് സ്വതന്ത്യ എംപിയായിരുന്ന തന്നെയും വാഗ്ദാനങ്ങളുമായി രണ്ട് പേര്‍ സമീപിച്ചത് എന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.

അന്നത്തെ ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ദൂതന്‍മാര്‍ എന്ന് വ്യക്തമാക്കിയാണ് രണ്ട് പേര്‍ സമീപിച്ചത്. അവര്‍ പണം വാഗ്ദാനം ചെയ്തു. എന്നാല്‍ മറ്റ് വിശദാംശങ്ങള്‍ തേടിയില്ല. 25 കോടിയോളം രൂപയാണ് അന്ന് വാഗ്ദാനം ലഭിച്ചത്. നീക്കത്തില്‍ സംശയം തോന്നിയതിനാല്‍ മറ്റ് വിശദാംശങ്ങള്‍ തേടിയില്ല. എന്നാല്‍ അത് കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ടുള്ള നീക്കമായിരുന്നുന്നു എന്ന് അന്നത്തെ പാര്‍ലമെന്ററി കാര്യമന്ത്രി വയലാര്‍ രവി പിന്നീട് പ്രതികരിച്ചു എന്നും അദ്ദേഹം പ്രതികരിക്കുന്നു.

ഇതിന് പുറമെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ ബിജെപി സമീപിച്ചിരുന്നതായി ഡോ. സെബാസ്റ്റിയന്‍ പോള്‍ പറയുന്നത്. എറണാകുളത്ത് സീറ്റ് നല്‍കാമെന്ന് പറഞ്ഞു. തോറ്റാല്‍ രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. ബിജെപിയുടെ സംസ്ഥാന നേതാവാണ് തന്നെ സമീപിച്ചത് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സെബാസ്റ്റ്യന്‍ പോളിന്റെ ‘എന്റെ കാലം എന്റെ ലോകം’ എന്ന പുസ്തകം വ്യാഴാഴ്ച പുറത്തിറങ്ങും.

Exit mobile version