നരേന്ദ്ര മോഡിയെ കണ്ടതില്‍ വലിയ സന്തോഷം: പത്മ ഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി കെഎസ് ചിത്ര

ന്യൂഡല്‍ഹി: 2021 ലെ പത്മ ഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഗായിക കെഎസ് ചിത്ര.
ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതില്‍ വലിയ സന്തോഷമുണ്ടെന്നും ചിത്ര പറഞ്ഞു. അച്ഛനും അമ്മയും മകളും ഒപ്പമില്ലാത്തതിന്റെ വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു. പദ്മശ്രീ പുരസ്‌കാരം വാങ്ങുമ്പോള്‍ മകള്‍ ഒപ്പമുണ്ടായിരുന്നുവെന്നും ചിത്ര ഓര്‍മ്മിച്ചു.

മലയാളികളായ ആറ് പേര്‍ക്കാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. രാഷ്ട്രപതി ഭവനില്‍ പ്രൗഢഗംഭീരമായ ചടങ്ങിലാണ് പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചത്. 16 പേര്‍ക്ക് മരണാനന്തര ബഹുമതിയായി പരമോന്നത സിവിലിയന്‍ പുരസ്‌കാരങ്ങള്‍ നല്‍കി. ഡോ. ബി.എം. ഹെഗ്ഡെ, ബി.ബി. ലാല്‍, സുദര്‍ശന്‍ സഹോ, എന്നിവര്‍ പത്മ വിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ചലച്ചിത്ര പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്‌മണ്യത്തിനും ശാസ്ത്ര സാങ്കേതിക വിദഗ്ദന്‍ നരീന്ദര്‍ സിങ്ങ് കപനിക്കും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കി. മുന്‍ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍, ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗഗോയ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മ ഭൂഷണും നല്‍കി.

പത്മ ഭൂഷണ്‍ പുരസ്‌കാരം 10 പേരും പത്മശ്രീ പുരസ്‌കാരം 102 പേരും സ്വീകരിച്ചു. മലയാളത്തിന് അഭിമാനമായി കേരളത്തില്‍ നിന്ന് 6 പേരാണ് പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ഗായിക കെ.എസ് ചിത്ര പത്മ ഭൂഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Exit mobile version