എവിടെ സിഐ?; പൊന്നാടയുമായി എത്തി പോലീസുകാരെ ഞെട്ടിച്ച് സുരേഷ് ഗോപി

തൃശൂര്‍: വിശക്കുന്നവര്‍ക്ക് പൊതിച്ചോറുകള്‍ നല്‍കുന്ന ജനമൈത്രി പൊലീസിന്റെ പദ്ധതിക്ക് സുരേഷ് ഗോപി എംപിയുടെ അഭിനന്ദനങ്ങള്‍. ജനമൈത്രി പൊലീസ് ഒരു വര്‍ഷമായി പാഥേയം പദ്ധതിയ്ക്ക് സുരേഷ് ഗോപി പിന്തുണ അറിയിച്ചത്. ദേശീയപാതയില്‍ കൊരട്ടി ജംക്ഷനിലാണു വിശക്കുന്നവര്‍ക്കായി പൊതിച്ചോറുകള്‍ വെക്കാനുള്ള ഷെല്‍ഫുകള്‍ പോലീസ് ഒരുക്കിയത്.

ഇവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ വയ്ക്കാം, വിശക്കുന്നവര്‍ക്കു കൊണ്ടുപോകാം. എന്നും ഏറെപ്പേര്‍ പൊതിവയ്ക്കാനെത്തുന്നു, എടുക്കാനും. ഇതറിഞ്ഞ സുരേഷ് ഗോപി പൊതിച്ചോറുമായാണ് ഇവിടേക്ക് എത്തിയത്. ഷെല്‍ഫില്‍ പൊതിച്ചോറുകള്‍ വച്ചിറങ്ങിയ സുരേഷ് ഗോപി പൊലീസുകാരെ അഭിനന്ദിച്ചു.

പിന്നാലെ ‘സിഐ എവിടെയാണ്?’ എന്ന് തിരക്കി. ഈ വാക്കുകള്‍ സല്യൂട്ട് വിവാദം ഓര്‍ത്തവരില്‍ കൗതുകമുണര്‍ന്നു. സ്റ്റേഷനില്‍ യോഗത്തിലാണെന്ന് എസ്‌ഐ എം.വി.തോമസ് പറഞ്ഞു. സിഐ ബി.കെ. അരുണിനായി കൊണ്ടുവന്ന പൊന്നാട എസ്‌ഐയെ ഏല്‍പിച്ചു.

അപ്രതീക്ഷിത സന്ദര്‍ശനമായതിനാലാണ് എസ്എച്ച്ഒ കൂടിയായ അരുണ്‍ എത്താതിരുന്നത്. കോ ഓര്‍ഡിനേറ്റര്‍മാരായ കെ.സി.ഷൈജു, സുന്ദരന്‍ പനംകൂട്ടത്തില്‍, കെ.എന്‍.വേണു എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താന്‍ നല്‍കാമെന്ന വാഗ്ദാനവുമായാണു സുരേഷ് ഗോപി അവിടെ നിന്നും മടങ്ങിയത്.

Exit mobile version