കേരളത്തേക്കള്‍ ഇന്ധനവില കുറവ്; തലപ്പാടിയില്‍ പെട്രോള്‍ പമ്പില്‍ വന്‍തിരക്ക്

തലപ്പാടി: കാസര്‍കോട് അതിര്‍ത്തി പ്രദേശമായ തലപ്പാടിയിലെ പെട്രോള്‍ പമ്പില്‍ വന്‍തിരക്ക്. ഇന്ധനവില കേരളത്തേക്കാള്‍ കുറവായതിനാലാണ് മലയാളികള്‍ തലപ്പാടി അതിര്‍ത്തിയിലേക്ക് ഓടുന്നത്. പെട്രോളിന് അഞ്ചുരൂപയും ഡീസലിന് എട്ടുരൂപയും കേരളത്തേക്കാള്‍ കുറവാണ് ഇവിടെ. കര്‍ണാടകയുടെ ഭാഗത്തുള്ള പെട്രോള്‍ പമ്പിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്.

പമ്പ് കര്‍ണാടകയുടെ ആണെങ്കിലും ആവശ്യക്കാരില്‍ ബഹുഭൂരിപക്ഷവും മഞ്ചേശ്വരത്തുകാരാണ്. ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്റെ പ്രധാന ഉപഭോക്താക്കള്‍.
ചെറിയ തുകയ്ക്ക് എണ്ണയടിക്കുന്ന വാഹനങ്ങളല്ല, ഫുള്‍ ടാങ്കടിക്കുന്ന ബസുകളും ഓട്ടോകളുമാണ് കൂടുതലായി തലപ്പാടിയിലെ പെട്രോള്‍ പമ്പില്‍ എത്തുന്നത്.

കാസര്‍കോട് പെട്രോളിന് 105 രൂപയുള്ളപ്പോള്‍ ഇവിടെ 99 രൂപ മതി. ഡീസലിന് 92 രൂപയുള്ളപ്പോള്‍ ഇവിടെ 84 രൂപ മതി. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചതോടെ ബിജെപി ഭരിക്കുന്ന കര്‍ണാടകയും നികുതി കുറച്ചിരുന്നു. ഇതാണ് വില വ്യത്യാസത്തിന് കാരണമായത്.

Exit mobile version