സമരം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ മന്ത്രിമാരുടെ വീടിന് മുൻപിൽ പോയി സമരം ചെയ്യുക; ജോജുവിന് ഒപ്പമെന്ന് ഒമർ ലുലു

കൊച്ചി: ഇന്ധനവില വർധനവിന് എതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് റോഡ് ഉപരോധിച്ചതിനെ ചോദ്യം ചെയ്ത് വിവാദത്തിലായ നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ഒമർ ലുലു.

ഞാൻ ജോജുവിനോട് ഒപ്പമാണെന്നും സമരം നടത്താൻ റോഡിൽ ഇറങ്ങി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടതെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുൻപിൽ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിക്കേണ്ടത്. എന്തേ അതിനു ഉള്ള ധൈര്യമില്ലേയെന്നും ഒമർ ലുലു ചോദ്യം ചെയ്യുന്നു.

ഇതിനിടെ, കോൺഗ്രസ് നേതാക്കളുടെ ആരോപണം പൊളിച്ച് നടൻ ജോജു ജോർജിന്റെ വൈദ്യപരിശോധനാ റിപ്പോർട്ട് എത്തി. നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇതോടെ കോൺഗ്രസ് നേതാക്കൾ ജോജുവിനെതിരേ ഉന്നയിച്ച പ്രധാന ആരോപണം തന്നെ പൊളിഞ്ഞിരിക്കുകയാണ്. ജോജു മദ്യലഹരിയിലാണ് സമരക്കാർക്കെതിരേ തിരിഞ്ഞതെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.

അതേസമയം, ജോജുവിന് എതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ജോജു വനിതാ പ്രവർത്തകരെ കയറിപിടിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യത്തിൽ പരാതി എഴുതിനൽകിയിട്ടുണ്ടെന്നും സഭ്യമായരീതിയിലല്ല ജോജു ജോർജ് പ്രതികരിച്ചതെന്നും ഷിയാസ് ആരോപിച്ചു.

Exit mobile version