മോൻസൺ മാവുങ്കൽ കേസ്: പോലീസ് മേധാവി അനിൽ കാന്തിന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: മോൻസൺ മാവുങ്കലിൻറെ പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ മൊഴി രേഖപ്പെടുത്തി. അനിൽ കാന്ത് ഡിജിപി ആയതിന് ശേഷം മോൻസൺ പോലീസ് ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തുകയും ഉപഹാരം നൽകുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

മോൻസൺ സംശയാസ്പദമായ വ്യക്തിയാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് ഉള്ളപ്പോഴാണ് പോലീസ് ആസ്ഥാനത്ത് ഡിജിപിയുമായി കൂടിക്കാഴ്ച നടന്നത്. അതേസമയം, പോലീസ് മേധാവിയായ ശേഷം നിരവധി പേർ സന്ദർശിച്ചെന്നും പ്രവാസി സംഘടനയുടെ പ്രതിനിധിയായി കണ്ടുവെന്നുമാണ് അനിൽ കാന്തിന്റെ വിശദീകരണം.

മോൻസൺ മാവുങ്കലിന്റെ വീടുകളിൽ പോലീസ് ബീറ്റ് ബോക്‌സ് സ്ഥാപിച്ച സംഭവത്തിൽ മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. മോൻസണിനെതിരായ കേസുകളിൽ ഇടപെട്ടതിന് ഐജി ലക്ഷ്മണനിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു.

Exit mobile version