മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി; കേസ് ഇന്ന് സുപ്രീംകോടതിയിൽ

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ജലനിരപ്പ് 137 അടി കവിഞ്ഞു. ഒരടി കൂടി ഉയർന്നാൽ തമിഴ്നാട് സർക്കാർ കേരളത്തിന് രണ്ടാമത്തെ അറിയിപ്പ് നൽകും.142 അടിയാണ് മുല്ലപ്പെരിയാർ ഡാമിന്റെ പരമാവധി സംഭരണ ശേഷി. സെക്കൻഡിൽ 5700 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 2200 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

പകൽ നീരൊഴുക്ക് കുറഞ്ഞിരുന്നുവെങ്കിലും വൈകിട്ടോടെ കാടിനുള്ളിൽ പെയ്ത മഴയാണ് നിരക്ക് ജലനിരപ്പ് ഉയരാനിടയാക്കിയത്. പീരുമേട് താലൂക്കിൽ രണ്ട് കൺട്രോൾ റൂമുകൾ തുറന്നു. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ഇവർക്ക് ബോധവത്കരണം നൽകുകയും ചെയ്തു.

അതേസമയം, മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങൾ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്പര്യ ഹർജികളാണ് കോടതിക്ക് മുമ്പിലുള്ളത്. തമിഴ്നാടുമായുള്ള പാട്ടക്കരാർ റദ്ദാക്കണമെന്നും ഹർജി ആവശ്യപ്പെടുന്നു. ജസ്റ്റിസ് എ.എം.ഖാൻവീൽക്കർ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

Exit mobile version