സര്‍ക്കാറിന് നന്ദി: അനുപമ നിരാഹാര സമരം അവസാനിപ്പിച്ചു; രണ്ട് നടപടികളെടുത്തെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

തിരുവനന്തപുരം: സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ തിരിച്ച് കിട്ടാനുള്ള വഴി തെളിഞ്ഞതിനാല്‍ അനുപമ സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഇടപെടലിന് നന്ദി അറിയിക്കുന്നതായും അനുപമ പറഞ്ഞു. നിരാഹാര സമരം അവസാനിപ്പിച്ച ശേഷം അനുപമ കോടതിയിലേക്ക് പോയി. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുന്ന കാര്യം അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അനുപമ വ്യക്തമാക്കി.

അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തില്‍ വകുപ്പ് തല അന്വേഷണം തുടങ്ങിയതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. അനുപമ വിഷയത്തില്‍ സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സി മുഖാന്തിരം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ നിയമപരമായ സങ്കീര്‍ണ്ണത ഇല്ലാതാക്കാനാണ് കോടതിയെ സമീപിച്ചത്.

അനുപമയുടെ ആവശ്യത്തില്‍ രണ്ട് നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പ്രസവിച്ച അമ്മയുടെ ആവശ്യം ന്യായമാണ്. വിഷയം വകുപ്പ് തലത്തില്‍ അന്വേഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അപാകതയുണ്ടോയെന്ന് ബോധ്യപ്പെടും. മാത്രമല്ല സ്റ്റേറ്റ് അഡോപ്ഷന്‍ കമ്മിറ്റി പെറ്റിഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ദത്ത് നടപടി പുരോഗമിക്കുന്നത് വഞ്ചിയൂര്‍ കോടതിയിലാണെന്നും മന്ത്രി വ്യക്തമാക്കി.

വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വകുപ്പിന് കഴിയുമായിരുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രശ്‌നം സങ്കീര്‍ണ്ണമാകരുതെന്നാണ് ആഗ്രഹമെന്നും മന്ത്രി വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു. മാനുഷിക പരിഗണനയ്ക്കാണ് സര്‍ക്കാര്‍ ഇടപെടലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയോയെന്ന് സമഗ്രമായി അന്വേഷിക്കുമെന്നും അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. ധാരാളം സങ്കീര്‍ണതകളുള്ള അസാധാരണമായ ഒരു കേസാണിത്. പക്ഷേ പ്രതിബന്ധങ്ങളെന്തൊക്കെയുണ്ടെങ്കിലും അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.

Exit mobile version