അനുപമയ്ക്ക് കുഞ്ഞിനെ കിട്ടാന്‍ വഴിയൊരുങ്ങുന്നു; ദത്തുനല്‍കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. ദത്തുനല്‍കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. ശിശുക്ഷേമ സമിതിക്കും വനിത ശിശുവികസന ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

നടപടികള്‍ നിര്‍ത്തിവച്ചതായി കോടതിയെ അറിയിക്കും. സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ്വാസമെന്ന് അനുപമ പ്രതികരിച്ചു. താനും കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു. നൊന്തു പെറ്റ കുഞ്ഞിനെ തേടി അമ്മ അനുപമ സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരമിരിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. ഇന്ന് കോടതിയില്‍ പോകാന്‍ ഇരുന്നതാണെന്നും, അതിന് മുമ്പാണ് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന വിശ്വാസം തോന്നുന്നുണ്ട്. സി.ഡബ്ല്യു.സിക്കെതിരെ നടപടി എടുക്കണം. സമരം തുടരുന്നത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ വ്യക്തമാക്കി.

തങ്ങളുടെ കുഞ്ഞ് എവിടെയെന്ന ചോദ്യവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ അനുപമയും അജിത്തും നിരാഹാര സമരത്തിലാണ്. പരാതി അവഗണിച്ച ശിശുക്ഷേമ സമിതി അടക്കമുള്ള സംവിധാനങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.

Exit mobile version