സര്‍ക്കാര്‍ വാക്ക്പാലിച്ചു: ലയ രാജേഷിന് സര്‍ക്കാര്‍ ജോലി

തൃശ്ശൂര്‍: തിരുവനന്തപുരത്തെ പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ 34 ദിവസം നീണ്ട സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തൃശ്ശൂര്‍ സ്വദേശിനി ലയ രാജേഷിന് ഒടുവില്‍ സര്‍ക്കാര്‍ ജോലി. ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ലാന്‍ഡ് റവന്യു വകുപ്പിലേക്കുള്ള അഡൈ്വസ് മെമ്മോയാണ് ലയ രാജേഷിന് ലഭിച്ചത്.

എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ത്തി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു ലയ. അര്‍ഹരായവര്‍ക്കെല്ലാം ജോലി ലഭിക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് യാഥാര്‍ഥ്യമാവുന്നത്.

2018 ല്‍ പ്രസിദ്ധീകരിച്ച എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ 46,000 പേരുണ്ടായിരുന്നെങ്കിലും വളരെ കുറച്ച് പേര്‍ക്കാണ് ജോലി ലഭിച്ചിരുന്നത്. 583ാം റാങ്കായിരുന്നു പരീക്ഷയില്‍ ലയക്കുണ്ടായിരുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി കഴിയാനായിട്ടും വളരെ കുറച്ചുപേര്‍ക്ക് മാത്രം നിയമനം നല്‍കിയതിനെതിരെ ലയ അടക്കമുള്ളവര്‍ സമരത്തിനിറങ്ങുകയായിരുന്നു.

ശനിയാഴ്ചയാണ് ലയക്ക് അഡൈ്വസ് മെമോ ലഭിച്ചത്. ‘റാങ്ക് ഹോള്‍ഡേഴ്സ് ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. സര്‍ക്കാര്‍ ജോലി സ്വപ്നം മാത്രമായി ഒതുങ്ങുമെന്ന് കരുതിയതാണ്. ഇപ്പോള്‍ സന്തോഷം ഏറെയാണ്. ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ട്. നന്ദിയുണ്ട്, സര്‍ക്കാരിനും കൂടെനിന്ന് എല്ലാ സഹായങ്ങളും ചെയ്തു തന്നവര്‍ക്കും’- ലയ പറഞ്ഞു.

Exit mobile version