മൂന്നുങ്കവയലിൽ ഓടിക്കൊണ്ടിരുന്ന കാർ ഒലിച്ചുപോയുണ്ടായ അപകടത്തിൽ മരിച്ചത് നിഖിലും നിമയും; ഇരുവരും കൂത്താട്ടുകുളത്തെ ആശുപത്രി ജീവനക്കാർ

തൊടുപുഴ: വാഗമൺ ഭാഗത്തുനിന്നും വരുന്നതിനിടെ അറക്കുളം മൂന്നുങ്കവയൽ പാലത്തിൽനിന്ന് ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാൽ പുത്തൻപുരയിൽ നിമ കെ വിജയൻ(28) എന്നിവരാണ് മരിച്ചത്.

കൂത്താട്ടുകുളം ആയുർവേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വാഗമൺ ഭാഗത്തുനിന്ന് കാഞ്ഞാർ ഭാഗത്തേക്ക് വരുമ്പോൾ കാർ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. കാർ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയിൽ ഇടിച്ചുനിൽക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയിൽ സുരക്ഷാഭിത്തി തകർത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.


കാർ അഞ്ഞൂറു മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞു. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേർന്ന് പിന്നീടു നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളത്തിൽ ഒലിച്ചുപോയാണ് അപകടമുണ്ടായത്.

Exit mobile version