സംസ്ഥാനത്ത് ഇന്നും കനത്ത മഴ; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായി കാറ്റുവീശാനും സാദ്ധ്യതയുണ്ട്.

കോട്ടയം കൂട്ടിക്കലിലും ,ഇടുക്കി കൊക്കയാറിലും കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഉടൻ തുടങ്ങും. ഒൻപതുപേർ കൂട്ടിക്കലിലും, കൊക്കയാറിൽ എട്ടുപേരെയുമാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ 40 അംഗ സൈന്യം രക്ഷാപ്രവർത്തനത്തിന് എത്തും. കൊക്കയാറിൽ രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്ടറുകൾഎത്തും.

കൊക്കയാർ ഇളംകാട്, കാവലി, പൂവഞ്ച് മേഖലകളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. മണിമലയാർ കരകവിഞ്ഞ് പത്തനംതിട്ട കോട്ടാങ്ങലിൽ 70 വീടുകളിൽ വെള്ളം കയറി. മല്ലപ്പള്ളി ടൗണിലടക്കം സ്ഥിതി ഗുരുതരമാണ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Exit mobile version