തിരുവനന്തപുരം നഗരസഭയിലെ നികുതി പിരിച്ച പണം നാല് ഓഫീസുകളിലെ ജീവനക്കാർ പങ്കിട്ടെടുത്തു; 34 ലക്ഷത്തോളം വെട്ടിപ്പ് നടത്തി; ഓഫീസ് അറ്റന്റഡന്റ് ബിജു അറസ്റ്റിൽ

തിരുവനന്തപുരം: നഗരസഭാ നികുതി തട്ടിപ്പ് കേസിൽ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ശ്രീകാര്യം സോണൽ ഓഫീസ് അറ്റൻഡന്റ് ബിജുവാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ബിജുവിനെ തിരുവനന്തപുരം കല്ലറയിൽ നിന്ന് ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നഗരസഭാ നികുതി പണം തട്ടിപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്. തിരുവനന്തപുരം നഗരസഭ പരിധിയിലെ ഉള്ളൂർ, ആറ്റിപ്ര, ശ്രീകാര്യം, നേമം, സോണൽ ഓഫിസുകളിൽ നിന്നായി 33.96 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാന കൺകറന്റ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തിരിമറി വിവരം പുറത്തായത്. നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണൽ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങൾ തട്ടിയത്. 33.96 ലക്ഷത്തിൽ 25 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നത് നേമം സോണൽ ഓഫീസിലാണ്. സംഭവത്തിൽ കുറ്റക്കാരായ അഞ്ച് ഉദ്യോഗസ്ഥരെ നഗരസഭ സസ്‌പെൻഡ് ചെയ്തിരുന്നു.

Exit mobile version