ഇടുക്കിയില്‍ കാട്ടാനയെ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്നു; പ്രതി പിടിയില്‍

ഇടുക്കി: കാട്ടാനയെ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ചിന്നക്കനാല്‍ 301 കോളനിക്ക് സമീപമാണ് കാട്ടാനയെ കൊലപ്പെടുത്തിയത്. പാല്‍കുളംകുടിയില്‍ സുരേഷ് ആണ് വനംവകുപ്പിന്റെ പിടിയിലായത്. രണ്ട് മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.

ഓഗസ്റ്റ് പതിമൂന്നിനാണ് 45 വയസുള്ള പിടിയാനയുടെ ജഡം സുരേഷിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് തടയാന്‍ സോളാര്‍ ഫെന്‍സിങ് സഥാപിച്ചിരുന്നു. ഇതിലേക്ക് നേരിട്ട് വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാനയ്ക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ ഇടയാക്കിയത്.

ആനയുടെ ജഡത്തിന് സമീപത്തും നിന്നു കണ്ടെത്തിയ കേബിളിന്റെയും വൈദ്യുതി കമ്പിയുടെയും ബാക്കി സുരേഷിന്റെ വീട്ടില്‍ നിന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷിന്റെ ക്രൂരത തിരിച്ചറിഞ്ഞത്.

കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലും ചാറ്റുപാറയിലെ ബന്ധുവീട്ടിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന സുരേഷ് കഴിഞ്ഞ ദിവസം 301 കോളനിയിലെ സുഹൃത്തിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന തന്റെ ബൈക്ക് എടുക്കാന്‍ എത്തിയപ്പോഴാണ് വനം വകുപ്പിന്റെ പിടിയിലായത്.

Exit mobile version