‘നിയമത്തിലെ ഈ പിഴവുകളാണ് സമൂഹത്തില്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നത്’: വിധിയില്‍ തൃപ്തയില്ല, തുടര്‍നടപടികളിലേക്ക് പോകും; ഉത്രയുടെ അമ്മ

കൊല്ലം: ഉത്രവധക്കേസ് വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല. കോടതിവിധി വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അമ്മ.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും അമ്മ വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നത്. പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നു. ശിക്ഷയില്‍ തൃപ്തരല്ല. അപ്പീല്‍ പോകാനുള്ള സാഹചര്യം പരിശോധിക്കും. തുടര്‍നടപടികളിലേക്ക് പോകും. ഇത്രയും കുറ്റകൃത്യം ചെയ്ത പ്രതിക്ക് ശിക്ഷ ലഭിച്ചില്ലെങ്കിലും നമ്മുടെ സമൂഹം എങ്ങോട്ട് പോകുന്നുവെന്ന് നിങ്ങള്‍ തന്നെ പരിശോധിക്കുക.’ അമ്മ പറഞ്ഞു.

വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടത്. അഞ്ചു ലക്ഷം രൂപ പിഴയും നല്‍കണം. ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

Exit mobile version