ഉത്രയ്ക്ക് നീതി: സൂരജിന് ഇരട്ട ജീവപര്യന്തം

കൊല്ലം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിനു ഇരട്ട ജീവപര്യന്തം ശിക്ഷ. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു.

കൊലപാതകം, വധ ശ്രമം എന്നീ കുറ്റങ്ങള്‍ക്ക് പുറമെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ ആദ്യം പത്ത് പിന്നീട് ഏഴ് എന്ന നിലയില്‍ 17 വർഷത്തെ തടവിനും കോടതി വിധിച്ചു. ഈ 17 വർഷത്തിന് ശേഷമായിരിക്കും ഇരട്ട ജീവപര്യന്തിന്റെ കാലാവധി ആരംഭിക്കുക. ഇതിനുപുറമെ അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു.

ശിക്ഷാവിധി കേള്‍ക്കാന്‍ ഉത്രയുടെ പിതാവും സഹോദരനും കോടതിയില്‍ എത്തിയിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും സൂരജിന് വധശിക്ഷ വിധിക്കണമെന്നു പ്രോസിക്യൂക്ഷന്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതിയുടെ ചെറു പ്രായവും മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതമാണ് പരമാവധി ശിക്ഷയായ തൂക്കുകയറില്‍ നിന്ന് പ്രതിയായ സൂരജിനെ രക്ഷപ്പെടുത്തിയത്.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളുമാണ് ഉത്ര കേസിനെ ബലപ്പെടുത്തിയത്.

2020 മെയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ വാങ്ങിയത്. ഏപ്രില്‍ മാസത്തില്‍ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നു.

പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യില്‍ നിന്നും പ്രതി മൂര്‍ഖനെ വാങ്ങുകയായിരുന്നു. തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Exit mobile version