സഹകരണ ബാങ്കില്‍ പൊതുയോഗത്തിനിടെ കൂട്ടതല്ല്; കോണ്‍ഗ്രസ്, ബിജെപി നേതാവുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്

സംഭവത്തില്‍ പരിക്കേറ്റ നേതാക്കന്മാരെ സമീപത്തെ താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായംകുളം: കോണ്‍ഗ്രസ് ഭരണത്തില്‍ ഇരിക്കുന്ന സഹകരണ ബാങ്കില്‍ പൊതുയോഗത്തിനിടെ തുടങ്ങിയ വാക്ക് തര്‍ക്കം അവസാനിച്ചത് കൂട്ടതല്ലില്‍. കോണ്‍ഗ്രസ്-ബിജെപി നേതാവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കാപ്പില്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഘര്‍ഷം. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ കൃഷ്ണപുരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ചിറപ്പുറത്തു മുരളി, ബിജെപി പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റും ഗ്രാമ പഞ്ചായത്തംഗവുമായ പാറയില്‍ രാധാകൃഷ്ണന്‍, ബാലചന്ദ്രന്‍ പിള്ള എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ പരിക്കേറ്റ നേതാക്കന്മാരെ സമീപത്തെ താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുയോഗത്തില്‍ ആഡിറ്റിംഗ് സംബന്ധമായ വിഷയത്തെ പറ്റി ചിറപ്പുറത്തു മുരളി സംസാരിക്കുന്നതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്. ശേഷം തര്‍ക്കം കൈയ്യാങ്കളിയിലേയ്ക്ക് മാറുകയായിരുന്നു. ചേരിതിരിഞ്ഞുണ്ടായ വാക്കേറ്റത്തിനിടെ തന്നെ കമ്പി വടികൊണ്ടു തലക്കടിക്കുകയായിരുന്നു എന്ന് മുരളി ആരോപിച്ചു.

ഇതിനിടെ പാറയില്‍ രാധാകൃഷ്ണനും ബാലചന്ദ്രനും മര്‍ദ്ദനമേറ്റു. സംഘര്‍ഷം ശേഷം പോലീസ് എത്തിയാണ് ശാന്തമാക്കിയത്. മുരളി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായിരുന്നു. അടുത്തിടെ നടന്ന ബാങ്ക് തെരെഞ്ഞെടുപ്പില്‍ മുരളിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാനലില്‍ തന്നെ മത്സരിച്ചിരുന്നുവെങ്കിലും ഇവര്‍ പരാജയപ്പെട്ടിരുന്നു. അന്നു മുതല്‍ ഇവിടെ കോണ്‍ഗ്രസില്‍ രൂക്ഷമായ ചേരിപ്പോര് നടന്നു വരികയായിരുന്നു.

Exit mobile version