കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്..! നഷ്ടം ഒരു കോടി രൂപ, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് യാത്രക്കാര്‍ നല്‍കുന്ന പണത്തില്‍ നിന്നാണെന്ന് അവര്‍ വിസ്മരിച്ചു; ടോമിന്‍ ജെ തച്ചങ്കരി

തിരുവനന്തപുരം: കഴിഞ്ഞദിവസത്തെ അപ്രതീക്ഷിത മിന്നല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം ഒരു കോടിയെന്ന് സിഎംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റം. നടുറോഡില്‍ പോലും വാഹനം നിര്‍ത്തിട്ടായിരുന്നു ജീവനക്കാര്‍ സമരത്തില്‍ പങ്കാളികളായത്. ഏകദേശം പത്ത് ലക്ഷം യാത്രക്കാരെ മൂന്നര മണിക്കൂര്‍ നേരം ബുദ്ധിമുട്ടിലാക്കിയെന്നാണ് തച്ചങ്കരിയുടെ വിലയിരുത്തല്‍.

പരീക്ഷയ്ക്ക് പോകുന്നവരും ജോലിക്ക് പോകുന്നവരും സമരം കാരണം വലഞ്ഞു. ആശുപത്രിയിലേക്ക് പോകുന്ന രോഗികളേയും മിന്നല്‍ സമരം ബുദ്ധിമുട്ടിലാക്കി. ദൂരയാത്രികരെയും വലച്ചു.എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് യാത്രക്കാര്‍ നല്‍കുന്ന പണത്തില്‍ നിന്നാണെന്ന് അവര്‍ വിസ്മരിച്ചതായും തച്ചങ്കരി പറഞ്ഞു.

സംഘടിത ശക്തിയുണ്ടെന്നു കരുതി നാട്ടുകാരെ വിഷമിപ്പിക്കുന്ന സമീപനമാണ് ജീവനക്കാരില്‍നിന്ന് ഉണ്ടായത്. ജീവനക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ തന്നെ സമീപിക്കണമെന്നും ജീവനക്കാരുടെ ധാര്‍ഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

Exit mobile version