മോൻസൺ മാവുങ്കലിന്റെ കൈയ്യിലുള്ള ശബരിമല ചെമ്പോല വ്യാജം; ആധികാരികമെന്ന് സർക്കാർ പറഞ്ഞിട്ടില്ല, സുരക്ഷയൊരുക്കിയത് സ്വാഭാവിക നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത മോൻസൺ മാവുങ്കലിന്റെ പക്കലുണ്ടായിരുന്നു ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ശബരിമല ചരിത്രത്തെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും 351 വർഷമുള്ള ഒരു രേഖ തന്റെ പക്കലുണ്ടായിരുന്നുവെന്ന് മോൻസൻ അവകാശപ്പെട്ടിരുന്നെന്നും അത് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണെന്ന് പറഞ്ഞ് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

വ്യാജമായ ചെമ്പോല പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ദേശാഭിമാനി പത്രത്തിനെതിരായി നടപടിയെടുക്കാൻ തയ്യാറാകുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ചെമ്പോല ആധികാരികമാണെന്ന് ഒരുഘട്ടത്തിലും സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വ്യക്തമാകുന്ന കാര്യങ്ങൾ വെച്ച് ഫലപ്രദമായ നടപടിയിലേക്ക് കടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞത്. തട്ടിപ്പിന് ഇടനില നിന്നവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോൻസന്റെ പക്കലുള്ള പുരാവസ്തുക്കൾ ആധികാരികമാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ വിഭാഗമാണ്. മോൻസണിന് സുരക്ഷയൊരുക്കിയത് സ്വാഭാവികം മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പോയത് എന്തിനാണെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

Exit mobile version