പണം നല്‍കി വാക്സിനെടുത്താലും സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി: മോഡിക്കു വേണ്ടിയുള്ള പ്രചാരണമായി മാറി; കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പിലില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കോവിഡിനെതിരായ ദേശീയ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു വേണ്ടിയുള്ള പ്രചാരണമായി മാറിയിരിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പണം നല്‍കി വാക്സിനെടുക്കുമ്പോഴും സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പൊതുസ്ഥലങ്ങളിലെല്ലാം പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പണം ദുര്‍വിനിയോഗം ചെയ്ത് മോഡി വണ്‍മാന്‍ ഷോ കളിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോഡിയുടെ ചിത്രം വയ്ക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികളടക്കം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

നേരത്തെ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ബോധവത്കരണത്തിന്റെ ഭാഗമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വിശദീകരിച്ചിരുന്നു.

Exit mobile version