വർഷങ്ങളായി പണിയെടുത്ത് ഉണ്ടാക്കിയ ഏഴ് ലക്ഷം രൂപ തട്ടി സഹായിയായി നിന്ന ബാങ്ക് ജീവനക്കാരൻ വിദേശത്തേക്ക് കടന്നു; ദുരിതക്കടലിൽ വൃദ്ധദമ്പതികൾ

മണ്ണാർക്കാട്: ജീവിതകാലം മുഴുവൻ അധ്വാനിച്ച് സ്വരൂപിച്ച ഏഴുലക്ഷം രൂപ സഹായിയായി നിന്ന മുൻ ബാങ്ക് ജീവനക്കാരൻ തട്ടിയെടുത്ത് വിദേശത്തേക്കു കടന്നെന്ന പരാതിയുമായി വൃദ്ധദമ്പതികൾ. തെങ്കര ചിറപ്പാടം അയറോട്ട് ചിന്നമാളുവും ഭർത്താവ് കങ്കുമാരെ രാമകൃഷ്ണനുമാണു തങ്ങൾ ജീവിതസായാഹ്നത്തിലേക്ക് കരുതിവെച്ച 7 ലക്ഷം രൂപ നഷ്ടപ്പെട്ട്, മരുന്നു വാങ്ങാൻ പോലും പണമില്ലാതെ ദുരിതക്കയത്തിലായിരിക്കുന്നത്.

മക്കളില്ലാത്ത ചിന്നമാളുവും ഭർത്താവും മാത്രമാണ് വീട്ടിലുള്ളത്. പാടത്തും പറമ്പിലും പണിയെടുത്തും വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്ത് നെല്ലും വാഴയും കൃഷി ചെയ്തും കന്നുകാലികളെയും കോഴിയെയും വളർത്തിയും മറ്റുമാണ് ഉപജീവനം. ഇതിൽ നിന്ന് മിച്ചമുള്ള തുകയും സ്ഥലം വിറ്റ പണവും തറവാട്ടു വിഹിതമായി കിട്ടിയ തുകയും ഉൾപ്പെടെയാണ് ഇവർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകാനുള്ള പണം എടുക്കാനായി ബാങ്കിൽ ചെന്നപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ സഹകരണ ബാങ്കിലെ അക്കൗണ്ടിൽ നിന്നും തൊഴിലുറപ്പു ജോലിയുടെ കൂലി വരുന്ന അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചതായി കണ്ടെത്തി.

പൊതുമേഖലാ ബാങ്കിന്റെ തെങ്കര ശാഖയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന തെങ്കര സ്വദേശി ബാങ്കിലും ആശുപത്രിയിലും പോകാൻ ഇവരെ സഹായിക്കുമായിരുന്നു. തങ്ങളുടെ വിശ്വാസം ആർജിച്ച് ചെക്കും ഒപ്പും ഉപയോഗിച്ച് നിക്ഷേപം മുഴുവനും തട്ടിയെടുത്തതായി ചിന്നമാളു മണ്ണാർക്കാട് ഡിവൈഎസ്പിക്കു നൽകിയ പരാതിയിൽ പറയുന്നു.

പരാതിയിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസ് പറഞ്ഞു. അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റുള്ളവരെ ഏൽപ്പിക്കരുതെന്നും പണം ബാങ്കിൽ നേരിട്ട് എത്തി നൽകണമെന്നും ഇടപാടുകാരെ അറിയിച്ചിരുന്നതായും പരാതിയിൽ പറയുന്നയാളെ ജോലിയിൽ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയതാണെന്നും ബാങ്ക് അധികൃതർ പ്രതികരിച്ചു.

Exit mobile version