കേരളീയ വസ്ത്രം ധരിച്ച് ബിരുദം സ്വീകരിച്ച് വിദ്യാർത്ഥികൾ; വരും വർഷങ്ങളിലും തുടരുമെന്ന് സർവകലാശാല

തൃശൂർ: ആരോഗ്യ സർവകലാശാലയിലെ വിദ്യാർത്ഥികൾ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന കറുത്ത തൊപ്പിയും ഗൗണും ഉപേക്ഷിച്ച് കേരളീയ ശൈലിയിൽ വസ്ത്രങ്ങളണിഞ്ഞ് ബിരുദം സ്വീകരിച്ചു. ചെന്നൈയിൽ നിന്നോ ബംഗളൂരുവിൽ നിന്നോ എത്തിക്കുന്ന ഗൗൺ ധരിച്ചാണ് വിദ്യാർത്ഥികൾ ബിരുദം സ്വീകരിക്കാറുള്ളത്. എന്നാൽ കോവിഡ് കാലത്തെ ശുചിത്വം സംശയമുനയിലായതോടെ സർവകലാശാല പുതിയ രീതി സ്വീകരിക്കുകയായിരുന്നു.

പെൺകുട്ടികൾ കസവു സാരിയും ബ്ലൗസും ആൺകുട്ടികൾ കസവ് മുണ്ടും വെളുത്ത ജുബ്ബയുമാണ് ധരിച്ചത്. മുഖ്യാതിഥിയായ ഗവർണറും സർവകലാശാല ജീവനക്കാരും സമാന വേഷത്തിൽ ആയിരുന്നു. ബിരുദം സ്വീകരിക്കാനെത്തുന്ന എല്ലാ വിദ്യാർഥികൾക്കും ഓരോ കുത്താമ്പുള്ളി കസവ് വേഷ്ടിയും സർവകലാശാല സമ്മാനിച്ചു.

ആരോഗ്യ ഭീഷണി ഇല്ലാതെ വസ്ത്രം എന്ന തീരുമാനത്തിന് കഴിഞ്ഞ ദിവസം തന്നെ ഗവർണറുടെ അംഗീകാരം വാങ്ങുകയായിരുന്നു. വരും കാലങ്ങളിൽ ഇതേ ശൈലി തന്നെ പിന്തുടരാനാണ് തീരുമാനമെന്നും വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അറിയിച്ചു.

Exit mobile version