രണ്ട് നില വീടിന്റെ മച്ച് തകര്‍ന്നുവീണു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണ മരണം, ദേഹത്തേയ്ക്ക് വന്നു പതിച്ചത് കട്ടിലും അലമാരയും ഉള്‍പ്പടെയുള്ള വസ്തുക്കള്‍

കണ്ണൂര്‍: വീടിന്റെ മച്ച് തകര്‍ന്നുവീണ് വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് കൊയിവീട്ടില്‍ വസന്തയാണ് മരിച്ചത്. 60 വയസായിരുന്നു. അപകടത്തില്‍ മകന്‍ ഷിബുവിന് പരിക്കേറ്റു. മച്ച് നിര്‍മിച്ച മരംകൊണ്ടുള്ള ബീമും മണ്ണും മുകള്‍ നിലയിലെ കട്ടിലും അലമാരയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വസന്തയുടെ മേലെ വന്ന് പതിക്കുകയായിരുന്നു.

പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും വസന്ത മരണപ്പെട്ടിരുന്നു. സീലിങ്ങിന്റെ ബീം തകര്‍ന്നതാണ് അപകടത്തിന് കാരണം. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. സീലിങ് തകര്‍ന്നതോടെ മുകളിലത്തെ നിലയിലെ വസ്തുക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന മകന്‍ ഷിബുവും താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മണ്ണും മറ്റും വീണ് വാതില്‍ തുറക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പിന്നീട് വാതില്‍ പൊളിച്ച് അകത്ത് കടക്കുമ്പേഴേക്കും വസന്തയുടെ ജീവന്‍ രക്ഷിക്കാനയില്ല. 50 വര്‍ഷത്തിലധികം പഴക്കമുള്ള വീട്ടിലെ മച്ചിന്റെ മരംകൊണ്ടുള്ള ബീം ദ്രവിച്ചതാണ് തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് നിഗമനം.

Exit mobile version